പി.എസ്‌.സി കോഴ വിവാദം; എൻ.സി.പി കേരളഘടകം പി.എസ്‌.സി ഓഫീസിലേക്ക് മാര്‍ച്ചും ധർണയും നടത്തി

തിരുവനന്തപുരം: പി.എസ്‌.സി അംഗം രമ്യയെ പുറത്താക്കുക, കോഴക്ക് കൂട്ടുനിന്ന മന്ത്രി എ.കെ. ശശീന്ദ്രനെ പുറത്താക്കുക, കോഴ വാങ്ങിയ സംഭവത്തില്‍ പി.സി. ചാക്കോ അടക്കമുള്ളവര്‍ പ്രതികളായ കേസില്‍ പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതി നല്‍കുക എന്ന ആവശ്യങ്ങളുന്നയിച്ച് എന്‍.സി.പി പ്രവര്‍ത്തകര്‍ പി.എസ്.സി ഓഫീസിലേക്ക് മാര്‍ച്ചും ധർണയും നടത്തി. വൈദ്യുത ഭവന്‍ പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച് പി.എസ്‌.സി ആസ്ഥാനത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു.

തുടര്‍ന്ന് നടന്ന ധർണ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് എന്‍.എ. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിനെതിരായ അഴിമതിക്കറ തുടച്ചുനീക്കാന്‍ മുഖ്യമന്ത്രിക്ക് കിട്ടിയ സുവർണാവസരമാണിതെന്നും മന്ത്രി ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി കേസന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയാറാവുകയാണ് വേണ്ടതെന്നും എന്‍.എ മുഹമ്മദ് കുട്ടി പറഞ്ഞു.

വന്‍തുക കോഴ നല്‍കി പി.എസ്.സി അംഗമായ രമ്യയെ പുറത്താക്കാന്‍ ഗവര്‍ണര്‍ തയാറാകണം. പി.എസ്. സിയുമായി ബ്‌നധപ്പെട്ട അഴിമതി പുറത്തുവന്നിട്ടും നടപടി എടുക്കാന്‍ തയാറായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും. ഇപ്പോള്‍ നടക്കുന്നത് അഴിമതിക്കെതിരായ സമരത്തിന്റെ തുടക്കം മാത്രമാണെന്നും എന്‍.എ.മുഹമ്മദ് കുട്ടി പറഞ്ഞു.

സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. സൈഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അന്തരിച്ച മുന്‍ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ ചരമദിനം പ്രമാണിച്ച് സംസ്ഥാന കോഡിനേറ്റര്‍ അഡ്വ. ഷാജി തെങ്ങുംപള്ളി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പാർഥ സാരഥി മാസ്റ്റര്‍ ധർണ സമര പ്രമേയവും അവതരിപ്പിച്ചു.

മൈനോറിറ്റി ദേശീയ വൈസ് ചെയര്‍മാനും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എ. ജബ്ബാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.കെ. ഷംസുദ്ദീന്‍, സാബു മത്തായി മൈനോറിറ്റി ദേശീയ ജനറല്‍ സെക്രട്ടറി നാദിര്‍ഷ മലപ്പുറം, അഡ്വ: റഊഫ് വിളയില്‍, ഷാജിര്‍ അലത്തിയൂര്‍, അഡ്വ. വി.എസ് കവിത, സി.കെ. ഗഫൂര്‍, അഡ്വ. രവീന്ദ്രന്‍ ആലപ്പുഴ, റഹ്‌മത്തുള്ള മലപ്പുറം തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. 

Tags:    
News Summary - PSC Bribery Controversy; NCP Kerala unit staged march and dharna to PSC office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.