സന്നിധാനത്ത് ഭക്തജനപ്രവാഹം; ഇതുവരെയെത്തിയത് നാല് ലക്ഷത്തിലധികം പേര്‍

ശബരിമല: മണ്ഡലമകരവിളക്ക് മഹോത്സവം ആരംഭിച്ച് ഒമ്പത് ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ അയ്യപ്പഭക്തരുടെ തിരക്കേറുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പത് വരെയുള്ള കണക്കനുസരിച്ച് നാല് ലക്ഷത്തിലധികം ഭക്തരാണ് ദര്‍ശനം നടത്തിയത്. പ്രതിദിനം അരക്ഷത്തോളം പേരാണ് ശരാശരി എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഈ ദിവസങ്ങളില്‍ ശരാശരി 10,000 പേരാണ് ദര്‍ശനം നടത്തിയിരുന്നത്. വരും ദിവസങ്ങളില്‍ തിരക്ക് കൂടുമെന്നാണ് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നവംബര്‍ 30 വരെ വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ആകെ 8,79,905 പേരാണ് ബുക്കിങ് നടത്തിയത്. നവംബര്‍ 26, 28 തീയതികളിലാണ് ഏറ്റവുമധികം പേര്‍ ബുക്ക് ചെയ്തിരിക്കുന്നത്. 26ന് 83,769ഉം 28ന് 81,622ഉം പേരാണ് ബുക്ക് ചെയ്തത്. നവംബര്‍ 30 വരെയുള്ള ബുക്കിങ്ങുകളില്‍ ഏറ്റവും കൂടുതല്‍ ഈ ദിവസങ്ങളിലാണ്. നവംബര്‍ 21നാണ് ഇതുവരെ ഏറ്റവുമധികം പേര്‍ ദര്‍ശനം നടത്തിയത് -57,663. നിലവില്‍ പരമാവധി 1,20,000 ബുക്കിങ്ങാണ് ഒരു ദിവസം സ്വീകരിക്കുക.

ഭക്തരുടെ എണ്ണം എത്ര കൂടിയാലും സന്നിധാനം സജ്ജം

വരുംദിവസങ്ങളില്‍ സന്നിധാനത്ത് കൂടുതല്‍ തിരക്ക് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മതിയായ ക്രമീകരണങ്ങളുമായി പൊലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നേരത്തെ സജ്ജമാണ്. നിലവിലെ ക്രമീകരണങ്ങള്‍ അനുസരിച്ച് പ്രതിദിനം ഒന്നേകാല്‍ ലക്ഷം ഭക്തര്‍ ദര്‍ശനത്തിനെത്തിയാലും യൊതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് സ്‌പെഷല്‍ ഓഫിസര്‍ ബി. കൃഷ്ണകുമാര്‍ അറിയിച്ചു. ദര്‍ശന സമയം രാവിലെയും വൈകീട്ടും വര്‍ധിപ്പിച്ചത് അയ്യപ്പദര്‍ശനം സുഗമമാക്കി. ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ സംവിധാനം നിര്‍ബന്ധമാക്കിയതിലൂടെ തിരക്ക് വലിയ തോതില്‍ നിയന്ത്രിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Devotees flock to Sabarimala; More than 400,000 people have come so far

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.