തിരുവനന്തപുരം: പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കൂട്ടിയിടുന്നത് ഒഴിവാക്കാനും ഉടൻ നീക്കംചെയ്യാനും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ല പൊലീസ് മേധാവിമാർക്ക് നിർദേശംനൽകി. തൊണ്ടിമുതൽ, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ, അപകടങ്ങളിൽപെട്ട വാഹനങ്ങൾ, മണൽ^-മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങൾ, എക്സൈസ് ഡിപ്പാർട്ട്മെൻറും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറും പിടിച്ചെടുത്ത് കൈമാറുന്ന വാഹനങ്ങൾ എന്നിവയാണ് പ്രധാനമായും കസ്റ്റഡിയിൽ സൂക്ഷിക്കുന്നത്.
ഓരോ ജില്ല പൊലീസ് മേധാവിയും അവരവരുടെ ജില്ലകളിൽ സൂക്ഷിക്കുന്ന വാഹനങ്ങളെ തരംതിരിച്ച്, എത്രകാലമായി സൂക്ഷിച്ചുവരുന്നു എന്നതുൾപ്പെടെയുള്ള വിവരങ്ങൾ രണ്ടാഴ്ചക്കകം പൊലീസ് ആസ്ഥാനത്ത് ലഭ്യമാക്കാനും ഡി.ജി.പി നിർദേശംനൽകി. ക്രിമിനൽ കേസുകളിൽ നിയമപരമായ ആവശ്യകത വിലയിരുത്തി മാത്രമേ വാഹനങ്ങൾ പിടിച്ചെടുക്കാവൂ. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന് ബന്ധപ്പെട്ട സർക്കിൾ ഇൻസ്പെക്ടറുടെ അനുമതിവേണം. ഇക്കാര്യം ജനറൽ ഡയറിയിലും കേസ് ഡയറിയിലും രേഖപ്പെടുത്തണം.
ചെറിയ കേസുകളിലും പെറ്റിക്കേസുകളിലും പിടിച്ചെടുക്കുന്ന വാഹനങ്ങൾക്ക് രസീത് നൽകി കേസന്വേഷണ സമയത്തോ കേസ് വിചാരണവേളയിലോ ഹാജരാക്കണമെന്ന നിർദേശത്തോടെ ഉടമസ്ഥർക്ക് വിട്ടുനൽകണം. ഗൗരവതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിയമപ്രകാരമുള്ള വ്യവസ്ഥകൾ പാലിച്ച് വിട്ടുനൽകാം. പൊലീസ് ഇതര വകുപ്പുകൾ പിടിച്ചെടുക്കുന്ന വാഹനങ്ങൾ അതാത് വകുപ്പുകൾതന്നെ സൂക്ഷിക്കണം.
ജില്ല പൊലീസ് മേധാവിമാർ ഒരു ടീമിനെ നിയോഗിച്ചോ സി.ഐമാർക്ക് നിർദേശം നൽകിയോ അവരവരുടെ കീഴിലുള്ള പൊലീസ് സ്റ്റേഷനുകളിലെ ഇതിനകം പിടിച്ചെടുക്കപ്പെട്ട വാഹനങ്ങൾ നിയമപ്രകാരം കഴിയുന്നതും വേഗം വിട്ടുനൽകുന്നതിന് നടപടിയെടുക്കണം. ഏറ്റവും കൂടുതൽ വാഹനങ്ങൾ ഇത്തരത്തിൽ നീക്കംചെയ്യുന്ന ഉദ്യോഗസ്ഥർക്ക് അർഹമായ പാരിതോഷികം നൽകുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.