തിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷനിൽ (പി.എസ്.സി) രജിസ്റ്റർ ചെയ്ത ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രൊഫൈൽ യൂസർ ഐഡിയും പാസ്വേഡും ഹാക്കർമാർ ചോർത്തി ഡാർക്ക് നെറ്റിൽ വിൽപനക്ക് വെച്ച സംഭവത്തിൽ പി.എസ്.സിയുടെ വാദങ്ങൾ പൊളിച്ച് ഡി.ജി.പിയുടെ റിപ്പോർട്ട്. കേരള പൊലീസിന്റെ സൈബർ സുരക്ഷ പരിശോധന വിഭാഗമായ ‘കേരള പൊലീസ് ഡാർക്ക് വെബ് ഇൻവെസ്റ്റിഗേഷൻ ടീം’ പി.എസ്.സിയിലെ നിരവധി അപേക്ഷകരുടെ വിവരങ്ങൾ ഡാർക്ക് വെബിൽ കണ്ടെത്തിയെന്ന് ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് പി.എസ്.സി ചെയർമാൻ ഡോ.എം.ആർ. ബൈജുവിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ‘ടു ഫാക്ടർ ഓതന്റിഫിക്കേഷൻ’ ഉൾപ്പെടുത്തി ഉദ്യോഗാർഥികളുടെ യൂസർ ലോഗിൻ സുരക്ഷിതമാക്കണമെന്നും കഴിഞ്ഞ മെയിൽ നൽകിയ റിപ്പോർട്ടിൽ ഡി.ജി.പി നിർദേശിച്ചു. റിപ്പോർട്ടിന്റെ വിവരങ്ങൾ ‘മാധ്യമ’ത്തിന് ലഭിച്ചു.
ഡാർക്ക് വെബിൽനിന്ന് പൊലീസ് കണ്ടെത്തിയ യൂസർ ഐഡികളും ലോഗിൻ വിവരങ്ങളും യഥാർഥ ഉദ്യോഗാർഥികളുടെ വിവരങ്ങൾ തന്നെയാണെന്ന് ഉറപ്പിച്ച ശേഷമായിരുന്നു ഡി.ജി.പിയുടെ റിപ്പോർട്ട്. സംഭവത്തിന്റെ ഗുരുതരസ്വഭാവം കണക്കിലെടുത്ത് മേയ് 27ന് ചേർന്ന പി.എസ്.സി കമീഷൻ അജണ്ട നമ്പർ 520/2024 (ഫയൽ നമ്പർ: R& AI-1/2/2019- KPSC) പ്രകാരം റിപ്പോർട്ട് ചർച്ച ചെയ്തു. തുടർന്ന് ജൂലൈ ഒന്നുമുതൽ പ്രൊഫൈൽ ലോഗിൻ ചെയ്യാൻ മൊബൈൽ നമ്പർ ഒ.ടി.പി ഏർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. പി.എസ്.സി ജീവനക്കാരുടെ അഡ്മിന് ലോഗിനിലും ഒ.ടി.പി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
65 ലക്ഷത്തോളം ഉദ്യോഗാർഥികളാണ് നിലവിൽ പി.എസ്.സിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡാർക്ക് വെബിൽ വിവരങ്ങളുടെ പരിശോധന അതിസങ്കീർമായതിനാൽ പി.എസ്.സിയിൽ രജിസ്റ്റർ ചെയ്ത എല്ലാ ഉദ്യോഗാർഥികളുടെയും ജീവനക്കാരുടെയും വിവരങ്ങൾ ഇത്തരത്തിൽ ഹാക്ക് ചെയ്തിട്ടുണ്ടാകാമെന്നാണ് സൈബർ വിഭാഗത്തിന്റെ റിപ്പോർട്ട്. എന്നാൽ, വസ്തുക്കളെ വളച്ചൊടിച്ച് ‘മാധ്യമം’ വാർത്തയെ വ്യാജവാർത്തയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് പി.എസ്.സി നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.