മാനന്തവാടി: ഇറാൻ സേന പിടിച്ച ഇസ്രായേൽ കപ്പലിൽനിന്ന് വയനാട് സ്വദേശിയും കപ്പൽ സെക്കൻഡ് ഓഫിസറുമായ ധനേഷിന്റെ വിളിയെത്തി. ഇതോടെ കുടുംബത്തിന് നേരിയ ആശ്വാസം. തിങ്കളാഴ്ചയാണ് പിതാവിന്റെ ഫോണിലേക്ക് ധനേഷിന്റെ വിളി വന്നത്. താൻ സുരക്ഷിതനാണെന്നും പേടിക്കേണ്ടെന്നുമാണ് ധനേഷ് പറഞ്ഞത്. പെട്ടെന്നുതന്നെ ഫോൺ വെക്കുകയും ചെയ്തു. പിന്നീട് വിളി വന്നിട്ടില്ല. ധനേഷിന്റെതല്ലാത്ത വേറൊരു നമ്പറിൽനിന്നാണ് വിളിച്ചത്. ഇറാന്റെ ഔദ്യോഗിക സേന വിഭാഗമായ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍ (ഐ.ആര്.ജി.സി) ശനിയാഴ്ച പിടിച്ചെടുത്ത ഇസ്രായേൽ ശതകോടീശ്വരന്റെ ചരക്കുകപ്പലായ എം.എസ്.സി ഏരീസിലാണ് മാനന്തവാടി പാൽവെളിച്ചം സ്വദേശിയായ പി.വി. ധനേഷുമുള്ളത്. പാൽവെളിച്ചം പെറ്റംകോട്ട് വീട്ടിൽ വിശ്വനാഥന്റെ മകനാണ്.
2010 മുതൽ ധനേഷ് വിവിധ ചരക്കു കപ്പലുകളിൽ ജോലിചെയ്യുകയാണ്. മൂന്നു വർഷം മുമ്പാണ് ഈ കപ്പലിൽ ധനേഷ് ജോലിചെയ്യാൻ തുടങ്ങിയതെന്ന് പിതാവ് പറയുന്നു. ഏപ്രിൽ 12നാണ് അവസാനമായി വീട്ടിലേക്ക് സന്ദേശം അയച്ചത്. ഈ മാസം വീട്ടിലേക്ക് വരുമെന്നായിരുന്നു അത്. ശനിയാഴ്ച ഉച്ചയോടെയാണ് കപ്പൽ ഇറാൻ പിടിച്ചെടുത്ത വിവരം കമ്പനിയിൽനിന്ന് കുടുംബത്തെ അറിയിക്കുന്നത്. ശേഷം മകനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. എന്നാൽ തിങ്കളാഴ്ച ധനേഷിന്റെ വിളി വന്നതോടെ കുടുംബം ആശ്വാസത്തിലാണ്. മൂന്ന് വർഷം മുമ്പ് വിവാഹിതനായ ധനേഷിന് രണ്ട് മാസം മുമ്പാണ് കുഞ്ഞ് പിറന്നത്. കുഞ്ഞിനെ കാണാനാണ് ധനേഷ് ഈ മാസം വീട്ടിലേക്ക് വരാനിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.