സകാതും സാമ്പത്തിക സന്തുലിതത്വവും

ഇ​സ്​ലാമിക സമ്പദ്​വ്യവസ്ഥയുടെ നെടുംതൂണായി വർത്തിക്കുന്ന ഇബാദതാണ് സകാത്​. ഇസ്​ലാം കാര്യങ്ങളിൽ മൂന്നാമത്തേതായ സകാതിനെ നമസ്കാരത്തോടൊപ്പമാണ് അല്ലാഹു ഖുർആനിൽ മിക്കയിടത്തും പരാമർശിച്ചിട്ടുള്ളത്. വളർച്ച, വിശുദ്ധി, വർധന എന്നെല്ലാമാണ് സകാത് എന്ന പദത്തി​​​​െൻറ ഭാഷാർഥം. സാങ്കേതികമായി അതിനെ ഇപ്രകാരം വിവക്ഷിക്കാം: ഒരു പ്രത്യേക ധനത്തിൽനിന്ന്, ഒരു നിർണിത വിഭാഗത്തിന്, നിശ്ചിത സമയത്ത്, നിർബന്ധമായും നൽകേണ്ട വിഹിതമാണ് സകാത്. സമ്പത്തിനോടുള്ള ആർത്തിയിൽനിന്നും പിശുക്കിൽനിന്നും സമ്പന്ന​​​​െൻറ മനസ്സിനെയും, സമാഹരിക്കുന്ന വേളയിൽ വന്നുചേരാൻ ഇടയുള്ള അവിഹിതങ്ങളിൽനിന്ന് സമ്പത്തിനെയും ശുദ്ധീകരിക്കാനാണ് സകാത് നിശ്ചയിച്ചിട്ടുള്ളത്. അത് ശരിയായ രൂപത്തിൽ കൊടുത്തുവീട്ടുന്ന ധനികനെ ആപത്തുകളിൽനിന്ന് അല്ലാഹു കാത്തുരക്ഷിക്കും. ദരിദ്ര ജനവിഭാഗത്തി​​​െൻറ വിഹിതം കൃത്യമായി കൊടുത്തുകൊണ്ടിരിക്കുന്ന കാലത്തോളം സമ്പന്ന​​​​െൻറ ധനത്തിൽ വർധനയും ദൈവാനുഗ്രഹവും വർഷിച്ചുകൊണ്ടേയിരിക്കും. സമ്പത്തിന് സുരക്ഷിതത്വവും ഭദ്രതയും കൈവരും. സർവോപരി, സകാത് ഒരു സാമൂഹിക സുരക്ഷ പദ്ധതിയായി വർത്തിക്കുന്നതിലൂടെ സാമ്പത്തിക വളർച്ചയുടെ ഗതിവേഗം വർധിക്കും.
ഡോ. എ.എ. ഹലീം (എക്സിക്യൂട്ടിവ് എഡിറ്റർ, ഇസ്​ലാമിക വിജ്ഞാനകോശം)
 

സമ്പത്തിനോടുള്ള ആർത്തി, ദുരാഗ്രഹം, പിശുക്ക്, ലുബ്​ധ്​, സമ്പത്തിലുള്ള അതിരുകവിയൽ തുടങ്ങിയ ദുർഗുണങ്ങളിൽനിന്ന് സകാത് മനുഷ്യ മനസ്സിനെ ശുദ്ധീകരിക്കുന്നു. സാമ്പത്തിക ബാധ്യതകളിൽ വൻ വീഴ്ചവരുത്തുകയും ധനകാര്യങ്ങളിൽ അതിരുകവിയുകയും ചെയ്ത് നരകവാസികളായിത്തീർന്നവരുടെ സ്ഥിതി ഖുർആൻ വിവരിക്കുന്നുണ്ട് (അൽഹാഖ്ഖ: 28-37). അശരണരും ആലംബഹീനരും ജീവിതാവശ്യങ്ങൾ തടയപ്പെട്ടവരുമായവരോടുള്ള സഹാനുഭൂതി, അവരുടെ ആവശ്യങ്ങൾ നിർവഹിച്ചുകൊടുക്കൽ എന്നിവ സകാതി​​​െൻറ മുഖ്യ ഉള്ളടക്കമാണ്. ‘‘അവരുടെ ധനത്തിൽ ചോദിച്ചുവരുന്നവർക്കും തടയപ്പെട്ടവർക്കും നിർണിതമായ വിഹിതമുണ്ട്.’’ (അൽമആരിജ്: 24, 25).സമൂഹത്തി​​​െൻറ പൊതുതാൽപര്യം സംരക്ഷിക്കുകയെന്നതും പ്രധാനമാണ്. സമുദായത്തി​​​െൻറ ജീവിതവും സൗഭാഗ്യവും അതിനെ ആശ്രയിച്ചാണിരിക്കുന്നത്. അവശ ജനവിഭാഗങ്ങളുടെ ക്ഷേമവും പരിരക്ഷയും, അവരുടെ ഭൗതികാവശ്യങ്ങളുടെ പൂർത്തീകരണം എന്നിവ അവയിൽ പ്രധാനമത്രെ (അൽഫജ്ർ: 15-20).

സമ്പത്ത് ഒരു ന്യൂനപക്ഷത്തി​​​െൻറ കൈകളിൽ കേന്ദ്രീകരിക്കപ്പെടുന്നത് തടയുക സാമ്പത്തിക വളർച്ചക്ക് അനിവാര്യമാണ്. ഭൂമിയിലെ മുഴുവൻ മനുഷ്യർക്കുമായാണ് അല്ലാഹു വിഭവങ്ങൾ ഒരുക്കിയിട്ടുള്ളത്. അത് ഒരു ന്യൂനപക്ഷത്തി​​​െൻറ കൈയിൽ മാത്രമായി പരിമിതപ്പെട്ടുകൂടാ. ഒരു നിയന്ത്രണവുമില്ലാതെ ചിലർ, യഥേഷ്​ടം ധനം കുന്നുകൂട്ടുകയും സമ്പന്ന​​​​െൻറ ധനത്തിൽ ദരിദ്രന് ഒരു വിഹിതവും ഇല്ലാതിരിക്കുകയും ചെയ്യുന്നത് സമൂഹത്തിൽ കടുത്ത അസമത്വവും വിവേചനവും സൃഷ്​ടിക്കും. അത്തരം ഒരു അവസ്ഥയിൽ സമ്പന്നരും ദരിദ്രരുമായി സമൂഹം നെടുകെ പിളരും. അവർ തമ്മിൽ കടുത്ത വിദ്വേഷവും പകയും ആയിരിക്കും. പട്ടിണികൊണ്ട് പൊറുതിമുട്ടുന്ന ജനം തെരുവിലിറങ്ങി കൊള്ളയും കൊള്ളിവെപ്പും നടത്തും.ഇവിടെയാണ് സകാത് വ്യവസ്ഥയുടെ പ്രസക്തി. സമൂഹത്തിന് ശാന്തിയും നിർഭയത്വവും പകരുന്ന സുരക്ഷപദ്ധതിയുടെ ധർമമാണ് സകാത് നിർവഹിക്കുന്നത്. ഇത്തരമൊരു ബാധ്യത നിശ്ചയിക്കുക വഴി സർവശക്തനായ അല്ലാഹു സമൂഹത്തി​​​െൻറ സാമ്പത്തികമായ സന്തുലിതത്വം ഉറപ്പുവരുത്തുകയാണ് ചെയ്തിരിക്കുന്നത്.

Tags:    
News Summary - Dharmapatha-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.