തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ 'ഏകാധിപതി'യായി മുന്നോട്ടുപോകാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ച് സി.പി.എം. നിയമസഭ പാസാക്കിയ സുപ്രധാന ബില്ലുകൾക്ക് പിന്നാലെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ ഒഴിവാക്കാൻ മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസും ഗവർണർ ഒപ്പിടാത്തതിൽ സി.പി.എമ്മിന് കടുത്ത അതൃപ്തിയുണ്ട്. ഗവർണർക്കെതിരെ സർക്കാർ കൈക്കൊള്ളുന്ന എന്ത് നടപടികൾക്കും കഴിഞ്ഞയാഴ്ച ചേർന്ന സി.പി.എം സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാൻ ഓർഡിനൻസ് കൊണ്ടുവന്നതിനോട് സി.പി.എമ്മിൽ വിയോജിപ്പുയർന്നു. ഓർഡിനൻസിൽ ഗവർണർ ഒപ്പിടില്ലെന്ന് ഉറപ്പുണ്ടായിട്ടും ആ രീതിയിൽ പോയത് ശരിയായില്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഓർഡിനൻസ് കൊണ്ടുവരാനുള്ള നിയമോപദേശം പാളിയോയെന്ന വിലയിരുത്തലുമുണ്ടായി. ബില്ലായി കൊണ്ടുവന്ന് നിയമസഭ പാസാക്കി ഗവർണർക്ക് അയച്ചുകൊടുത്താൽ അത് ഒപ്പിട്ടില്ലെങ്കിൽ തിരിച്ചയക്കേണ്ടിവരും. അതല്ലെങ്കിൽ നിയമനടപടി സ്വീകരിക്കാമായിരുന്നു. ഗവർണറെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്ന് നീക്കം ചെയ്യുന്ന ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ച് രാജ്ഭവനിലെത്തിച്ചിട്ടുണ്ട്. ഗവർണർ അംഗീകരിച്ചാലേ ഇത് നടപ്പാകൂ. ഓർഡിനൻസ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുമെന്ന സൂചനയാണ് ഗവർണർ നൽകുന്നത്. ഓർഡിനൻസ് ഒപ്പിടാൻ വൈകുമെന്ന സൂചനയെതുടർന്ന് നിയമസഭയിൽ ബില്ലായി കൊണ്ടുവരാൻ സർക്കാർ തിരക്കിട്ട കൂടിയാലോചന നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.