കോഴിക്കോട്: യോഗങ്ങളിൽ തുടർച്ചയായി പങ്കെടുക്കാത്തതിനാൽ പി. അബ്ദുൽ ഹമീദ് എം.എൽ.എയുടെ സെനറ്റ് അംഗത്വം റദ്ദാക്കിയതായി കാലിക്കറ്റ് സർവകലാശാല. 2019 ഡിസംബർ 10 മുതൽ തുടർച്ചയായ ആറ് സെനറ്റ് യോഗങ്ങളിൽ പങ്കെടുത്തിട്ടില്ലെന്ന് എം.എൽ.എക്ക് രജിസ്ട്രാർ അയച്ച കത്തിൽ പറയുന്നു. സർവകലാശാല സ്ഥിതിചെയ്യുന്ന വള്ളിക്കുന്ന് മണ്ഡലത്തിലെ എം.എൽ.എയാണ് പി. അബ്ദുൽ ഹമീദ്. തുടർച്ചയായി മൂന്ന് യോഗങ്ങളിൽ പങ്കെടുക്കാത്ത അംഗങ്ങളുടെ സെനറ്റ് അംഗത്വം ചട്ടപ്രകാരം റദ്ദാകുമെന്നതിനാലാണ് കത്ത് നൽകിയത്.
എം.എൽ.എമാരുടെ പ്രതിനിധിയായാണ് ഇദ്ദേഹം സെനറ്റ് അംഗമായത്. യോഗങ്ങളിൽ ഹാജരാകാതിരുന്നതിന് മതിയായ കാരണം ബോധിപ്പിച്ചാൽ സെനറ്റ് അംഗത്വം പുനഃസ്ഥാപിക്കും. അതേസമയം, ഇത്തരം വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് അബ്ദുൽ ഹമീദ് പറഞ്ഞു.
നിയമസഭ സമ്മേളനവും നിയമസഭ കമ്മിറ്റി യോഗവും ജില്ല വികസന സമിതി യോഗവുമുള്ള സമയത്ത് നടന്ന സെനറ്റ് യോഗങ്ങളിലാണ് ഹാജരാകാൻ കഴിയാഞ്ഞത്. അതത് സമയങ്ങളിൽ ഇക്കാര്യം വൈസ് ചാൻസലറെ അറിയിച്ചിട്ടുണ്ട്. അംഗത്വം റദ്ദാക്കിയതായ കത്ത് കിട്ടിയിട്ടില്ലെന്നും പി. അബ്ദുൽ ഹമീദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.