തിരുവനന്തപുരം: പി. ജയരാജനെ കുറിച്ച് വന്ന പാട്ടിനെയും മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന തിരുവാതിരയിലെ വരികളെയും ഒരുപോലെയെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പി.ജെ. ആർമി എന്ന കോളത്തിൽ ഇതു സംബന്ധിച്ച് വന്നപ്പോൾ പി. ജയരാജൻ അതു തള്ളിപ്പറഞ്ഞില്ല എന്നാണ് പ്രശ്നം. അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ അതു വന്നതിനെയാണ് പാർട്ടി ചൂണ്ടിക്കാണിച്ചത്. ഇത് അങ്ങനെയുള്ള പ്രശ്നമല്ലെന്നും വാർത്തസമ്മേളനത്തിൽ കോടിയേരി പറഞ്ഞു.
തിരുവനന്തപുരം ജില്ല സമ്മേളനത്തിലെ തിരുവാതിരയിൽ പാടിയത് പാർട്ടി അംഗീകരിച്ചു നൽകിയ പാട്ടല്ല. സംസ്ഥാന-ജില്ല കമ്മിറ്റികൾ തീരുമാനിച്ച പാട്ടല്ല അവിടെ പാടിയത്. പല വ്യക്തികളെയും പുകഴ്ത്തുന്ന പാട്ടുകൾ പാടാറുണ്ട്. കമ്മിറ്റികൾ അംഗീകരിച്ച് നൽകുന്ന പാട്ടുകളല്ല ഇങ്ങനെയുള്ള പല സ്ഥലത്തും പാടുന്നത്. സി.പി.എമ്മിന്റെ സമ്മേളനത്തിലല്ല , ഒരു പരിപാടിയുടെ ഭാഗമായി ഉണ്ടായ പാട്ടാണത്. അത്തരം സംഭവം ആവർത്തിക്കാൻ പാടില്ലെന്നാണ് അതിന്റെ അർഥം. സമ്മേളനത്തിൽ ഗാനമേളയൊന്നും ഉണ്ടായിട്ടില്ല.
പത്തനംതിട്ട കൊടുമണിൽ സി.പി.എം പ്രവർത്തകർ സി.പി.ഐക്കാരെ ആക്രമിച്ച സംഭവം പാർട്ടി പരിശോധിക്കും. സി.പി.ഐക്കാരെ സി.പി.മ്മുകാരോ തിരിച്ചോ ആക്രമിക്കാൻ പാടില്ല. കെ-റെയിലുമായി ബന്ധപ്പെട്ട് കവി റഫീക്ക് അഹമ്മദിനെതിരായ സൈബർ ആക്രമണത്തെ കുറിച്ചു ചോദിച്ചപ്പോൾ അഭിപ്രായം പ്രകടിപ്പിക്കാൻ ആർക്കും അവകാശമുണ്ടെന്നും അതിന്റെ പേരിൽ ആർക്കെതിരെയും സൈബർ ആക്രമണമോ മറ്റ് ഇടപെടലോ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.