തിരുവനന്തപുരം/പെരിന്തൽമണ്ണ: കുടിശ്ശിക അടച്ച് ഡീസൽ ലഭ്യത ഉറപ്പുവരുത്തിയെങ്കിലും ഡിപ്പോകളിലേക്കുളള വിതരണം ക്രമപ്പെടാത്തതു മൂലം ചെറിയ യൂനിറ്റുകൾ പ്രതിസന്ധിയിൽ. തലസ്ഥാന ജില്ലയിൽ പലയിടങ്ങളിലും ഇത് സർവിസ് വെട്ടിക്കുറക്കലിനും കാരണമാകുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ആഗസ്റ്റ് ഒന്നുമുതൽ 10 വരെ ഡിപ്പോകളിലൊന്നും ഇന്ധനകമ്പനികളിൽനിന്ന് ഡീസൽ എത്തിയില്ല. സ്വകാര്യ പമ്പുകളിൽനിന്ന് ഇന്ധനം നിറച്ചും സർവിസ് വെട്ടിക്കുറച്ചുമാണ് പ്രതിസന്ധി നേരിട്ടത്. ചെറിയ ഡിപ്പോകളിൽ മൂന്നു ദിവസം കൂടുമ്പോഴും വലിയ ഡിപ്പോകളിൽ രണ്ടു ദിവസം കൂടുമ്പോഴുമാണ് ഇന്ധനമെത്തിയത്. എന്നാൽ, ഇക്കഴിഞ്ഞ 10 ദിവസം ഈ വിതരണക്രമവും നിലച്ചു. ആവശ്യത്തിന് ലോഡ് എത്താത്തതാണ് ക്ഷാമത്തിന് കാരണം.
വിതരണക്രമം ട്രാക്കിലാകാൻ ഇനിയും സമയയെടുക്കും. വരുന്ന ലോഡുകൾ മുഴുവൻ പ്രധാന ഡിപ്പോകളിലേക്കാണ് നൽകുന്നത്. ചെറിയ ഡിപ്പോകളിലെ ബസുകളോട് പ്രധാന ഡിപ്പോകളിൽനിന്ന് ഇന്ധനം നിറക്കാനാണ്
നിർദേശം. ഇതു വലിയ തിരക്കിനും കാത്തുകിടപ്പിനും ഇടയാക്കിയിട്ടുണ്ട്. കാത്തുകിടക്കുന്നത് മൂലം സർവിസ് റദ്ദാക്കലും വ്യാപകമാണ്.
തിരുവനന്തപുരത്ത് സിറ്റി, വിഴിഞ്ഞം, പൂവാർ, പാറശ്ശാല, പേരൂർക്കട, വികാസ് ഭവൻ, വെള്ളറട എന്നിവിടങ്ങളിലാണ് ഡീസൽക്ഷാമമുള്ളത്. ഈ ബസുകൾ തമ്പാനൂർ സെൻട്രൽ ഡിപ്പോയിൽനിന്നാണ് ഇന്ധനം നിറക്കുന്നത്. ഇതിനായി രാവിലെ മുതൽ ഓവർ ബ്രിഡ്ജിലും തമ്പാനൂരിലും ബസുകൾ നിരയായി നിർത്തിയിടുകയാണ്. ഓർഡിനറി ബസുകളാണ് ഏറെയും.
മലപ്പുറത്ത് സ്വകാര്യ പെട്രോൾ -ഡീസൽ പമ്പുടമകൾക്ക് കുടിശ്ശികയുള്ള വൻ തുക നൽകാത്തതിനാൽ കെ.എസ്.ആർ.ടി.സി സർവിസുകൾ ശനിയാഴ്ചയും മുടങ്ങി. മൂന്നിലൊന്ന് സർവിസുകൾ നടത്താനായില്ല. കുടിശ്ശിക എന്ന് തീർക്കുമെന്ന് ഇപ്പോഴും ധാരണയില്ല. കലക്ഷനിൽനിന്ന് പണമെടുത്ത് ഇന്ധനം നിറക്കാൻ നിർദേശം നൽകിയതിനാൽ വെള്ളിയാഴ്ച എറണാകുളം, മുണ്ടക്കയം റൂട്ടിലുള്ള ബസുകൾ ഇത്തരത്തിൽ ഇന്ധനം നിറച്ചു. നിലമ്പൂരിൽനിന്ന് പത്തനംതിട്ടയിലേക്കുള്ള ബസ് വെള്ളിയാഴ്ച തൃശൂരിൽ എത്തിയതോടെ ഇന്ധനം തീർന്നു. തൃശൂർ ഡിപ്പോ അധികൃതർ ഇടപെട്ട് സ്വകാര്യ പമ്പിൽനിന്ന് ഇന്ധനം നിറക്കാൻ സൗകര്യം ചെയ്തതിനാൽ സർവിസ് പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.