കേരളപ്പിറവി ദിനത്തില്‍ ഡിജിറ്റല്‍ റീസർവേ തുടങ്ങുന്നു

തിരുവനന്തപുരം : എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി കേരളപ്പിറവി ദിനത്തില്‍ ഡിജിറ്റല്‍ റീസർവേ തുടങ്ങുന്നു.നാലുവര്‍ഷം കൊണ്ട് ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ ഡിജിറ്റലായി സർവേ ചെയ്ത് കൃത്യമായ റിക്കാര്‍ഡുകള്‍ തയാറാക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റല്‍ റീസർവേയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന നിർവഹിക്കും.

സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ഡിജിറ്റല്‍ സർവേ പദ്ധതിക്ക് ആകെ 858.42 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ പദ്ധതി നടത്തിപ്പിനായി ആദ്യഘട്ടത്തിന് 438.46 കോടി രൂപ റീബില്‍ഡ് കേരള ഇനിഷിയേറ്റീവില്‍ നിന്നും സർവേയും ഭൂരേഖയും വകുപ്പിന് അനുവദിച്ചു.

പദ്ധതിയുടെ ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ 400 വില്ലേജുകള്‍ വീതവും, നാലാം വര്‍ഷം 350 വില്ലേജുകളും സർവേ ചെയ്ത് ആകെ 1550 വില്ലേജുകളുടെ ഡിജിറ്റല്‍ റീസര്‍വെ നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

സര്‍വെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഈ പോര്‍ട്ടല്‍ വഴി അറിയാന്‍ സാധിക്കും. സര്‍വെ, റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങള്‍ ഒരു ഏകജാലക ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ, കാലഘട്ടത്തിനനുസൃതമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സാധിക്കും എന്നതാണ് ഈ ഡിജിറ്റല്‍ സർവേ പദ്ധതിയുടെ സവിശേഷത.

ഇനിയൊരു റീസർവേ ആവശ്യമില്ലാത്ത വിധം സർവേ റിക്കാര്‍ഡുകള്‍ കാലാഹരണപ്പെടാതെ പരിപാലിക്കാന്‍ സാധിക്കും. ഭൂവുടമസ്ഥരുടെ സാന്നിദ്ധ്യത്തില്‍ തന്നെ സര്‍വെ നടത്തുന്നതും ഫീല്‍ഡില്‍ വച്ചു തന്നെ മാപ്പുകള്‍ തയാറാക്കുന്ന വിധത്തില്‍ പൂർണമായും സോഫ്റ്റ് വെയര്‍ അധിഷ്ഠിതമായാണ് ഡിജിറ്റല്‍ സർവേ നടത്തുന്നത്.

ഡിജിറ്റല്‍ സർവേ സംബന്ധിച്ച നടപടികള്‍ പൊതു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും, പൊതു ജന പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുമായി ആദ്യഘട്ട സർവേക്കായി തിരഞ്ഞെടുത്തിട്ടുള്ള സംസ്ഥാനത്തൊട്ടാകെയുള്ള 200 വില്ലേജുകളില്‍ തദേശ വകുപ്പിന്റെ സഹകരണത്തോടെ ഗ്രാമ സഭകള്‍ക്ക് സമാനമായ രീതിയില്‍ സർവേ സഭകള്‍ സംഘടിപ്പിച്ചു. 

Tags:    
News Summary - Digital Reserve begins on Kerala birth day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.