തിരുവനന്തപുരം: സംസ്ഥാനത്തെ 200 വില്ലേജുകളിൽ ആരംഭിക്കുന്ന 'ഡിജിറ്റൽ സർവേ'യിൽ തര്‍ക്കം നിലനില്‍ക്കുന്ന ഭൂമി പ്രത്യേക പ്ലോട്ടാക്കി തിരിച്ചുമാറ്റി നിര്‍ത്താൻ തീരുമാനം. തർക്കഭൂമിയിൽ കരം അടക്കാനാവില്ല. ചര്‍ച്ചയിലൂടെ അനുരഞ്ജനത്തിലെത്താനുള്ള സാധ്യത പരിശോധിക്കാൻ ധാരണയായിട്ടുണ്ട്. എങ്കിലും ഇരുവിഭാഗങ്ങളും വിട്ടുവീഴ്ച സ്വീകരിക്കാതെയിരുന്നാല്‍ വേറെ പ്ലോട്ടാക്കി മറ്റാനാണ് നിർദേശം. സിവില്‍ കേസില്‍ കോടതിവിധി വന്നശേഷം മാത്രമേ കരം ഒടുക്കാൻ സാധിക്കൂ. കൂടാതെ, അതിര്‍ത്തി സംബന്ധിച്ച് സിവില്‍ കോടതികളില്‍ അടക്കം തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വേ നടത്തേണ്ടതില്ലെന്നും റവന്യൂ വകുപ്പ് തീരുമാനിച്ചു. ഡിജിറ്റല്‍ സര്‍വേയില്‍ നിര്‍ണയിക്കുന്ന അതിര്‍ത്തികളുടെ അടിസ്ഥാനത്തിലാണ് ഭൂമിയുടെ വിസ്തൃതി അടക്കം കണക്കാക്കുക.
സര്‍വേക്ക് മുന്നോടിയായി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി വരുന്ന 12 മുതല്‍ സര്‍വേസഭകള്‍ എന്ന പേരില്‍ ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കും. ഓരോ പ്രദേശത്തും സര്‍വേ നടത്തുന്ന ദിവസം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഒരുക്കും. ഗ്രാമസഭകള്‍ കൂടാതെ, കുടുംബശ്രീ, റെസി. അസോസിയേഷനുകള്‍ തുടങ്ങിയ സംഘടനകളെയും പ്രദേശത്തെ ഡിജിറ്റല്‍ സര്‍വേയുടെ വിവരങ്ങള്‍ അറിയിക്കും.
സര്‍വേ നടക്കുമ്പോള്‍, ഭൂവുടമയുടെ കൂടി സാന്നിധ്യം ഉറപ്പാക്കുന്നതിനാണിത്. ഭൂവുടമകളുടെ പരമാവധി വാട്സ്ആപ് സംവിധാനമുള്ള മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ശേഖരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു പ്രദേശത്ത് സര്‍വേ പൂര്‍ത്തിയാക്കുന്നതിനു പിന്നാലെ ഭൂമിയുടെ ഡിജിറ്റല്‍ സ്കെച്ചും പ്ലാനും ഉടമക്ക് മൊബൈല്‍ ഫോണില്‍ ലഭ്യമാക്കും. ഗ്രാമസഭയില്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും.
കൈയേറ്റങ്ങളോ മറ്റോ ചൂണ്ടിക്കാണിച്ചാല്‍ ഇതിലും സര്‍വേ നടത്തി തീരുമാനമെടുക്കും. റോബോട്ടിക്സ് ടോട്ടല്‍ സ്റ്റേഷന്, ആര്.ടി.കെ റോവര്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളാണ് ഡിജിറ്റല്‍ സര്‍വേക്കായി ഉപയോഗിക്കുക. എത്തിച്ചേരാന്‍ കഴിയാത്ത മേഖലകളുണ്ടെങ്കില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള അളവുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.