തിരുവനന്തപുരം: 200 റവന്യൂവില്ലേജുകളിൽ ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ഭൂമിയുടെ ഡിജിറ്റൽ സർവേ കോവിഡ് പ്രതിസന്ധിയിൽ താളംതെറ്റുമെന്ന് ആശങ്ക. റീബിൽഡ് കേരളയുടെ ഭാഗമായി അനുവദിച്ച 807.98 കോടി രൂപ ചെലവിലാണ് സർവേ. ആദ്യഘട്ടത്തിനായി 339.438 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചിരുന്നു. ഭൂരേഖകളെല്ലാം ഡിജിറ്റലാക്കാനും ഭൂവിസ്തൃതി സംബന്ധിച്ച ആധികാരികരേഖ തയാറാക്കാനുമുള്ള ഡിജിറ്റൽ സർവേ നാലുവർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യം.
എന്നാൽ, കോവിഡ് മൂന്നാംതരംഗം പദ്ധതി താളംതെറ്റിക്കുന്ന സ്ഥിതിയിലാണ്. സർവേക്കായി കോർസ് (കണ്ടിന്യൂവസ്ലി ഓപറേറ്റിങ് റഫറൻസ് സ്റ്റേഷൻസ്) സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി 28 സ്ഥലങ്ങളിൽ സ്റ്റേഷനുകൾ സ്ഥാപിക്കാൻ ടെൻഡർ നടപടികൾ സർവേ ഓഫ് ഇന്ത്യ പൂർത്തിയാക്കി. രാജ്യമാകെ കോർസ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് സർവേ ഓഫ് ഇന്ത്യയാണ്. കേരളത്തിലെ നടപടികൾ വേഗത്തിലാക്കാൻ റവന്യൂമന്ത്രി കെ. രാജൻ സർവേ ഡയറക്ടർ ജനറലുമായി ചർച്ചയും നടത്തി. സ്റ്റേഷൻ സ്ഥാപിക്കാൻ ഒരു സെൻറിൽ താഴെ വിസ്തൃതിയുള്ള 75 സ്ഥലങ്ങൾ റവന്യൂ വകുപ്പ് കണ്ടെത്തി. അനുയോജ്യമായത് സർവേ ഓഫ് ഇന്ത്യ തെരഞ്ഞെടുക്കും. നാവിഗേഷൻ ഉപഗ്രഹങ്ങൾ, ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ (ഇ.ടി.എസ്) ഡ്രോൺ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കോർസ് വഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ യഥാസമയ ചലനങ്ങൾ രേഖപ്പെടുത്തും.
കോർസ് സ്റ്റേഷൻ സ്ഥാപിക്കുന്നത് നീണ്ടാലും സർവേ അടുത്തമാസം തുടങ്ങുമെന്നാണ് റവന്യൂവകുപ്പ് അറിയിച്ചത്. കരാർ അടിസ്ഥാനത്തിൽ ലൈസൻസ്ഡ് സർവേയർമാരെ നിയോഗിക്കും. എന്നാൽ, ഉദ്യോഗസ്ഥരടക്കം കോവിഡ് ബാധിച്ച് വിശ്രമത്തിലായതിനാൽ ഫെബ്രുവരിയിൽ തുടങ്ങാനാകുന്ന കാര്യത്തിൽ അനിശ്ചിതത്വമാണ്. സാധാരണ സർവേയിൽ അഞ്ചുപേരാണെങ്കിൽ ഡിജിറ്റൽ രീതിയിൽ രണ്ടുപേർ മതി. സർക്കാർ സ്ഥലങ്ങളിലാകും ആദ്യം സർവേ. കടലാസ് രേഖകളിൽനിന്ന് ഡിജിറ്റൽ രേഖകളിലേക്കുള്ള പരിണാമത്തിനും റവന്യൂ, സർവേ, റജിസ്ട്രേഷൻ വകുപ്പുകളിലെ ഭൂരേഖകളുടെ എകീകരണത്തിനും ഡിജിറ്റൽ സർവേ പ്രയോജനപ്പെടും. സംസ്ഥാനത്ത് 1666 വില്ലേജുകളുള്ളതിൽ 116 എണ്ണത്തിൽ ഇ.ടി.എസ് ഡിജിറ്റൽ സർവേ നടന്നു. ബാക്കി 1550 വില്ലേജുകളിലാണ് ശേഷിക്കുന്നത്. 1965ന് ശേഷമാണ് റീസർവേ ആരംഭിച്ചത്. 55 വർഷം കൊണ്ട് 911 വില്ലേജുകളിൽ മാത്രമാണ് റീസർവേ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.