ഡിജിറ്റൽ റീസർവേ: സർവേയർമാർക്കുള്ള പരിശീലന പരിപാടിക്ക് തുടക്കം

കൊച്ചി: ജില്ലയിലെ ഡിജിറ്റൽ റീസർവേ നടത്തിപ്പിനായി നിയമിച്ച സർവേയർമാർക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി കലക്ടർ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു.

ഭൂമിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 60 വർഷക്കാലം നടത്തിയ വിവിധ പ്രവർത്തനങ്ങൾ ഫലപ്രദമായ നടപ്പാക്കിയിട്ടുണ്ടോയെന്ന് തിരിച്ചറിയാനുള്ള വലിയ സൂചികയാണ് റീസർവേ വഴി തയാറാക്കുന്ന ഡാറ്റാ ബേസ്. ഇത് ജനകീയമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് തദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹായം തേടാവുന്നതാണെന്നും കലക്ടർ പറഞ്ഞു.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ച 49 സർവേയർമാർക്കാണ് നാല് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നത്. അവസാന ദിവസമായ വെള്ളിയാഴ്ച (ജനുവരി 20) പ്രായോഗിക പരിശീലനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പരിശീലനത്തിന് ശേഷം ഇവരെ ആലുവ, എറണാകുളം, തൃപ്പൂണിത്തുറ റീസർവേ ഓഫീസുകളിലേക്ക് നിയോഗിക്കും.

ചടങ്ങിൽ ജില്ലാ സർവേ ഡെപ്യൂട്ടി ഡയറക്ടർ കെ.കെ സുനിൽ അധ്യക്ഷത വഹിച്ചു. റീസർവേ അസി. ഡയറക്ടർ എ.എ രാജൻ, കോഴ്സ് കോ ഓഡിനേറ്റർ കെ.വി സുന്ദരൻ, റീസർവേ സൂപ്രണ്ടുമാർ, മാസ്റ്റർ ട്രയിനർമാർ, സർവേയർമാർ തുടങ്ങിയവർ പങ്കെടുത്തു.

സർവേ നടത്തിപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ റിസർവേ നടത്തുന്നത്. കൊച്ചി, കണയന്നൂർ, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലെ തിരഞ്ഞെടുത്ത 13 വില്ലേജുകളിലാണ് ആദ്യ ഘട്ടത്തിൽ റിസർവേ നടത്തുന്നത്.

Tags:    
News Summary - Digital Survey: Training program for surveyors launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.