തിരുവനന്തപുരം: ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ഡിജിറ്റല്‍ ടിക്കറ്റ് സംവിധാനം കൊണ്ടുവരുമെന്ന് മന്ത്രി കടകപള്ളി സുരേന്ദ്രൻ. ഭക്തരുടെ എണ്ണം നിയന്ത്രിക്കാൻ രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളിൽ ഇത് നിലവിലുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് സംബന്ധിച്ച് നിർദേശം നൽകും. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി ചർച്ച ചെയ്യാൻ തീരുമാനിച്ച ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പമ്പയിലും സന്നിധാനത്തും വനിതാ പൊലീസുകാരെ നിയമിക്കും. പതിനെട്ടാം പടിയിൽ വനിതാ പൊലീസിനെ നിയമിക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനം എടുക്കും. കുറച്ച് വനഭൂമി ലഭിക്കാൻ സുപ്രിംകോടതിയിൽ അപേക്ഷ നൽകും.
സ്ത്രീകൾക്ക് പ്രത്യേക ക്യൂ നടപ്പാക്കില്ല. സ്ത്രീകൾക്ക് കുളിക്കുന്നതിനായി നിലവിലുള്ള കടവ് വിപുലമാക്കും. പമ്പ-സന്നിധാനം പാതയിൽ സ്ത്രീ സൗഹൃദ ടോയ്ലറ്റ് നിർമിക്കും. നിലക്കൽ-പമ്പ പാതയിൽ ബസുകളിൽ 25 ശതമാണം സ്ത്രീ സംവരണം ഏർപെടുത്തും. കുടിവെള്ള സൗകര്യം ഏർപ്പെടുത്തും. വിശുദ്ധി സേനാംഗങ്ങളിൽ ഇനി മുതൽ സ്ത്രീകളെയും ഉൾപ്പെടുത്തും. സന്നിധാനത്തെ താമസം ഭക്തർ ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഇത്തവണ ശബരിമലയിൽ പ്ലാസ്റ്റിക് ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.