കൊച്ചി: നടി ആക്രമണ കേസിൽ തന്‍റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹരജിയിലെ ആരോപണങ്ങളെല്ലാം പലതവണ കോടതി തള്ളിയതാണെന്ന് കേസിലെ പ്രതി നടൻ ദിലീപ് ഹൈകോടതിയിൽ. തനിക്കെതിരായ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്.
259 പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കിയ വിചാരണക്കോടതി മുമ്പാകെ അന്വേഷണ ഉദ്യോഗസ്ഥന്‍റെയും ഫോറൻസിക് ലാബ് ജോയന്‍റ് ഡയറക്ടറുടെയും വിസ്താരമാണ് പൂർത്തീകരിക്കാനുള്ളത്. അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിസ്താരം ആരംഭിക്കാനിരിക്കുകയാണ്. ഇവരെ താൻ സ്വാധീനിക്കാൻ ശ്രമിക്കുമെന്ന ആശങ്ക പ്രോസിക്യൂഷൻപോലും ഉന്നയിച്ചിട്ടില്ല. വിചാരണയുടെ അവസാനഘട്ടത്തിൽ ഇത്തരം അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നത് വീണ്ടും മാധ്യമ വിചാരണക്കിരയാക്കാനുള്ള ശ്രമമാണെന്നും ദിലീപ് സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറയുന്നു.
തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചതിനാൽ ദിലീപിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജിയിലാണ് വിശദീകരണം.
80 സാക്ഷികളുടെ സാക്ഷി വിസ്താരം പൂർത്തിയായ ഘട്ടത്തിൽ തനിക്കും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ നടിയും പ്രോസിക്യൂഷനും ഹൈകോടതിയെ സമീപിച്ചു. കോടതി മാറ്റം ആവശ്യപ്പെട്ടുള്ള ഈ ഹരജി ഹൈകോടതിയും പിന്നീട് സുപ്രീം കോടതിയും തള്ളി. നടിയെ ആക്രമിച്ച കേസിൽ തനിക്ക് പങ്കുണ്ടെന്ന തരത്തിൽ സിനിമ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടിയപ്പോഴും സമാന ആരോപണങ്ങളായിരുന്നു പ്രോസിക്യൂഷൻ ഉന്നയിച്ചത്. അവ തള്ളിയാണ് കോടതി ജാമ്യം നൽകിയത്.
വിപിൻലാൽ, ജിൻസൺ എന്നീ സാക്ഷികളെ സ്വാധീനിച്ചു എന്നാണ് പ്രധാന ആരോപണം. എന്നാൽ, വിവിധ കേസുകളിൽ പ്രതിയായി ഏറെക്കാലമായി ജയിലിൽ കഴിയുന്ന ഇവരെ വ്യാജ ആരോപണങ്ങളുന്നയിക്കാൻ അന്വേഷണസംഘം ഉപയോഗിക്കുകയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഹരജി പരിഗണിക്കുന്ന ജസ്റ്റിസ് പി. ഗോപിനാഥ് ഡിസംബർ 18ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.