ആലുവ: വധഗൂഢാലോചന കേസിൽ നടൻ ദിലീപിനെതിരെ കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്. ഇതിന്റെ ഭാഗമായി കാർ കസ്റ്റഡിയിൽ എടുത്തു. ആലുവ മണപ്പുറം നടപ്പാലത്തിന് സമീപമുള്ള ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തിയാണ് ചുവന്ന സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ആഴ്ച രണ്ടുദിവസം ദിലീപിനെ ചോദ്യംചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് കാർ കസ്റ്റഡിയിൽ എടുത്തതെന്നാണ് കരുതുന്നത്. 2016ൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയും സംവിധായകൻ ബാലചന്ദ്രകുമാറും ഈ കാറിലാണ് സഞ്ചരിച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഗൂഢാലോചനയിലെ പ്രധാന തെളിവാണ് ഈ കാറെന്നും അവർ ആരോപിക്കുന്നു.
ദിലീപിന്റെ വീട്ടിലെത്തി പൾസർ സുനി മടങ്ങിയത് ഈ കാറിലാണത്രേ. വീട്ടിൽവെച്ച് സുനിക്ക് ദിലീപ് പണവും കൈമാറിയിരുന്നു. കാറിൽ മടങ്ങുമ്പോൾ സുനിക്കൊപ്പം ദിലീപിന്റെ സഹോദരൻ അനൂപും ഉണ്ടായിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു.
നടിയെ ആക്രമിച്ചപ്പോൾ പകർത്തിയ ദൃശ്യങ്ങൾ ദിലീപ് കണ്ടതായും സാക്ഷികളെ സ്വാധീനിച്ചതായും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണ് കേസിൽ പുനരന്വേഷണത്തിന് വഴിയൊരുക്കിയത്. കേസിൽ എട്ടാംപ്രതിയാണ് ദിലീപ്. കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചതായും വെളിപ്പെടുത്തലുണ്ടായിരുന്നു.
ഈ രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ട് ദിലീപടക്കം ഏഴുപേരുടെ ഫോണുകൾ പരിശോധിച്ചിരുന്നു. ഇതിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.