കൊച്ചി: നടിയെ അക്രമിച്ച കേസിൽ മുഖ്യസൂത്രധാരൻ നടൻ ദിലീപാണെന്ന് അന്വേഷണ സംഘം ഹൈകോടതിയിൽ. ലൈംഗികാതിക്രമം നടത്താൻ കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷൻ നൽകിയ സംഭവം ഇന്ത്യൻ ശിക്ഷാ നിയമം നിലവിൽ വന്നശേഷം ആദ്യത്തേതായിരിക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ പ്രതി ക്രിമിനൽ ഗൂഢാലോചന നടത്തിയ സംഭവം സംസ്ഥാനത്ത് ആദ്യമാണ്. ഇങ്ങനെ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത കേസാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷകളെ എതിർത്ത് ക്രൈംബ്രാഞ്ച് എസ്.പി എം. പി മോഹനചന്ദ്രൻ നൽകിയ സ്റ്റേറ്റ്മെന്റിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.
കേസിൽ ഒന്നുമുതൽ ആറ് വരെ പ്രതികളായ നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ. സൂരജ്, ബന്ധുവായ അപ്പു, അടുത്ത സുഹൃത്ത് ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്ത് ശരത് എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹരജികൾ ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് വെള്ളിയാഴ്ചയാണ് പരിഗണിക്കുന്നത്. മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കപ്പെടും. സ്വതന്ത്രവും നീതിപൂർവവുമായ അന്വേഷണം സാധ്യമാകില്ല.
അന്വേഷണം പ്രാരംഭഘട്ടത്തിലാണെങ്കിലും ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയുണ്ടെന്ന സൂചനകളാണ് നിലവിലെ തെളിവുകൾ നൽകുന്നത്.
സത്യം പുറത്തുകൊണ്ടുവരാൻ ദിലീപ് ഉൾപ്പെടെ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. സമൂഹത്തിൽ ഉന്നത സ്വാധീനമുള്ളവരാണ് പ്രതികൾ. ഇവർ അന്വേഷണത്തിൽ ഇടപെടാനും സാക്ഷികളെ സ്വാധീനിക്കാനും കഴിവുള്ളവരുമാണ്.
ഇതു സാധാരണഗതിയുള്ള ഗൂഢാലോചനക്കേസല്ല. നടിയെ ആക്രമിച്ച കേസിലെ മുഖ്യ സൂത്രധാരനാണ് ദിലീപെന്നു കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ വകവരുത്താനുള്ള ഗൂഢാലോചനയാണ്.
നിയമത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ തുടക്കം മുതൽ ദിലീപ് ശ്രമിച്ചിരുന്നു. ദിലീപിനെ സഹായിക്കുന്ന തരത്തിൽ 20ഓളം സാക്ഷികൾ കൂറുമാറി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് രണ്ട് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വിചാരണകോടതിയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാനാവുന്നില്ലെന്ന് വ്യക്തമാക്കി സർക്കാർ നിയോഗിച്ച രണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർമാർ രാജിവെച്ചു. ഇതിലും ദിലീപിനുള്ള പങ്ക് വ്യക്തമാണ്.
അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം വളരെ പ്രത്യേകതയും ഗൗരവവുമുള്ള സംഭവമാണ്. സാധാരണഗതിയിൽ ഗൂഢാലോചനക്കേസുകളിൽ തെളിവു കണ്ടെത്താൻ ബുദ്ധിമുട്ടാണ്.
എന്നാൽ, ഇവിടെ ദൃക്‌സാക്ഷി തന്നെ മൊഴിയുമായി രംഗത്തെത്തിയിരിക്കുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദരേഖയടങ്ങിയ ഓഡിയോ ക്ലിപ്പുകളും ലഭിച്ചിട്ടുണ്ട്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ജനുവരി 13ന് ദിലീപിന്റെയും സഹോദരന്റെയും വീടുകളിൽ റെയ്ഡ് നടത്തി മൊബൈൽ ഉൾപ്പെടെ 19 സാധനങ്ങൾ പിടിച്ചെടുത്തിരുന്നു. ഇവയിൽ നിന്നുള്ള തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് കൊച്ചിയിലെ റീജനണൽ ഫോറൻസിക് ലാബിൽ നൽകിയിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.
നടിയെ ആക്രമിച്ച കേസിൽ വിചാരണയുടെ ഓരോ ഘട്ടത്തിലും നടൻ ദിലീപ് നിരന്തരം നിയമനടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചിരുന്നെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഹൈകോടതിയിൽ അറിയിച്ചു. ബാലിശവും നിസ്സാരവുമായ പരാതികളുമായാണ് ഇദ്ദേഹം ഓരോ തവണയും കോടതിയിലെത്തിയത്.
വിചാരണക്കോടതി മുതൽ സുപ്രീംകോടതി വരെ ദിലീപ് നൽകിയ 57 ഹരജിയുടെ വിവരങ്ങളും പട്ടിക തിരിച്ച് സമർപ്പിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ നിയമപരമായി കൈവശപ്പെടുത്തി ദുരുപയോഗം ചെയ്യാനും ശ്രമിച്ചു.
ദൃശ്യങ്ങളുടെ പകർപ്പിന് ദിലീപ് ഹരജി നൽകിയത് ചൂണ്ടിക്കാട്ടിയാണ് അന്വേഷണസംഘത്തിന്‍റെ ഈ വിമർശനം. തന്റെ എതിർവാദത്തിന് ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്നായിരുന്നു ദിലീപിന്‍റെ ആവശ്യം. എന്നാൽ, ദൃശ്യങ്ങൾ കൈവശപ്പെടുത്താനുള്ള ഹീനപ്രവർത്തനങ്ങളാണ് പുതിയ വെളിപ്പെടുത്തലുകളിൽനിന്ന് വ്യക്തമാകുന്നത്. രണ്ടു സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്.ഐ.ആറുകളുടെ പകർപ്പും മൊഴികളും ഇതിനൊപ്പം ഹാജരാക്കിയിട്ടുണ്ട്.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് അന്വേഷണസംഘം വിചാരണക്കോടതിയിൽ സമർപ്പിച്ചു. തുടരന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പൂർണ റിപ്പോർട്ട് കൈമാറാനുള്ള സാഹചര്യമായില്ലെന്നും ഇതിൽ പറയുന്നു.
അതിനിടെ, വിചാരണനടപടി ശനിയാഴ്ച പുനരാരംഭിക്കാൻ എറണാകുളം അഡീഷനൽ സെഷൻസ് കോടതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഹൈകോടതിയുടെ ഉത്തരവ് പ്രകാരം നാല് സാക്ഷികളെ വിളിച്ചുവരുത്തും. കേസിലെ മറ്റൊരു സാക്ഷിയെകൂടി വിസ്തരിക്കാൻ അനുമതി നൽകി. 363 മുതൽ 366 വരെ സാക്ഷികളെ ഈ മാസം 22നും 240 ാം നമ്പർ സാക്ഷിയെ 25 മുതലും വിസ്തരിക്കാനാണ് തീരുമാനം.
സംവിധായകൻ പി. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആരംഭിച്ചതായി കേസ് പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ ബോധിപ്പിച്ചു. വിചാരണ പൂർത്തിയാക്കാൻ സമയം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഹരജി ഈ മാസം 24ന് പരിഗണിക്കുമെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് തൽക്കാലത്തേക്ക് നീട്ടിവെക്കണമെന്ന ആവശ്യം 25ന് പരിഗണിക്കാൻ മാറ്റി. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിനാൽ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിൽകുമാറാണ് ഹാജരായത്.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ഡിജിറ്റല്‍ തെളിവുകള്‍ കോടതിക്ക് കൈമാറണമെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം പ്രോസിക്യൂഷന് എതിര്‍ത്തു. ഡിജിറ്റല്‍ തെളിവുകളില്‍ കൃത്രിമം കാണിക്കാനിടയുണ്ടെന്ന വാദം തള്ളി. ഒന്നാം പ്രതി സുനില്‍കുമാര്‍, വിജേഷ് എന്നിവരുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. സുനിയെ ജയിലില്‍ ചോദ്യം ചെയ്യാൻ വിചാരണക്കോടതിയില്‍ അനുമതി തേടി നല്കിയ ഹരജി ഉത്തരവ് പറയാൻ മാറ്റി. 27നുമുമ്പ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാണ് സർക്കാറിനോട് ഹൈകോടതി നിർദേശിച്ചത്.
നടിയെ ആക്രമിച്ച സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലെ ആറാംപ്രതിയായ ശരത് ജി. നായർ ഒളിവിലല്ലെന്ന് കോൺട്രാക്ട് കാരേജ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ. ശരത് ആലുവയിലെ വീട്ടിലുണ്ടെന്ന് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾ കൂടിയായ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അദ്ദേഹത്തിന്‍റെ ബിസിനസ് തകർക്കരുതെന്നാവശ്യപ്പെട്ടായിരുന്നു വാർത്താസമ്മേളനം. പരിശോധന നടക്കുമ്പോൾ ശരത് ഒളിവിൽ പോയതല്ല, ഊട്ടിയിലെ ഹോട്ടലിലായിരുന്നു. അദ്ദേഹം ഫോൺ സ്വിച്ഓഫ് ആക്കിയിട്ടില്ല.
കാൾ ഡൈവേർട്ട് ചെയ്തിട്ടിരിക്കുകയായിരുന്നു. ദിലീപ് ദിലീപ് ആകുന്നതിന് മുമ്പെ ബിസിനസ് തുടങ്ങിയ ആളാണ് ശരത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് അദ്ദേഹം മാധ്യമങ്ങളെ കാണാത്തത്. ശരത് പറഞ്ഞിട്ടല്ല വാർത്തസമ്മേളനം നടത്തിയതെന്നും അവർ വിശദീകരിച്ചു. സംസ്ഥാന പ്രസിഡന്‍റ് ബിനു ജോൺ, ജില്ല സെക്രട്ടറി അനൂപ് മഹാദേവ, ജിജോ അഗസ്റ്റിൻ, വി.സി. വർഗീസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.