തിരുവനന്തപുരം: മന്ത്രിസഭ യോഗത്തിലേക്കുള്ള വകുപ്പുകളുടെ നോട്ടുകൾ യഥാസമയം നൽകണമെന്ന് ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകി. ഇക്കാര്യത്തിൽ വീഴ്ച പാടില്ല. കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭ യോഗത്തിന്റെ നോട്ടുകൾ വൈകിയതിനാൽ യോഗം മാറ്റേണ്ടിവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ ഇടപെടൽ.
കാര്യ നിർവഹണ ചട്ടം, സെക്രട്ടേറിയറ്റ് ഓഫിസ് മാന്വൽ തുടങ്ങിയ വ്യവസ്ഥകൾ പാലിച്ചുവേണം നടപടി. മന്ത്രിസഭയുടെ പരിഗണനക്ക് പോകേണ്ടവ ആവശ്യമെങ്കിൽ ധനവകുപ്പിലടക്കം അയച്ച് അഭിപ്രായം വാങ്ങി ലഭ്യമാക്കണം. പരമാവധി രണ്ടുദിവസത്തിനകം മറ്റ് വകുപ്പുകളുടെ അഭിപ്രായം രേഖപ്പെടുത്തി ഫയൽ തിരികെ ലഭിക്കാൻ നടപടി സ്വീകരിക്കണം.
ഉത്തരവുകൾ പുറപ്പെടുവിക്കുകയും പിന്നീട്, മന്ത്രിസഭ സാധൂകരണം വേണ്ടിവരുകയും ചെയ്താൽ മൂന്നു ദിവസത്തിനകം നോട്ടുകൾ തയാറാക്കണം. നോട്ടുകൾ മന്ത്രിസഭ യോഗത്തിന്റെ തലേദിവസം ഉച്ചക്കുമുമ്പ് പൊതുഭരണ വകുപ്പിന് ലഭ്യമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വകുപ്പുകൾക്കെതിരെ ഈ വിഷയത്തിൽ വന്ന വാർത്തകൾ തെറ്റിദ്ധാരണജനകമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. സർക്കാറിന്റെ നയപരമായ കാര്യങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കുന്ന മന്ത്രിസഭ മുമ്പാകെ സമർപ്പിക്കേണ്ട നിർദേശങ്ങൾ സമയപരിധിക്കുള്ളിൽ എപ്രകാരം നൽകണമെന്ന് സൂചിപ്പിച്ച് ചീഫ് സെക്രട്ടറിമാർ സർക്കുലർ പുറപ്പെടുവിക്കാറുണ്ട്. പുതിയ സർക്കുലറും അപ്രകാരമുള്ളതാണ്. പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ വിവിധ വകുപ്പുകൾക്ക് നൽകുന്ന നിർദേശങ്ങളാണിതെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.