എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ  ഖബറടക്കത്തിന് മുൻപ് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു    (ചിത്രം.ബൈജു കൊടുവള്ളി)

പ്രിയ സംവിധായകന് കണ്ണീരോടെ വിട

കൊച്ചി: മലയാളത്തിന്റെ 'സൂപ്പർഹിറ്റ്' സംവിധായകന് മലയാളക്കര കണ്ണീരോടെ വിട നൽകി. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സിദ്ദീഖിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കിയത്. വൈകിട്ട് അഞ്ചുമണിയോടെയാണ് കാക്കനാട് പള്ളിക്കരയിലുള്ള വീട്ടിൽ നിന്നും പൊലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷം ഭൗതിക ദേഹം സെൻട്രൽ ജുമാ മസ്ജിദിൽ എത്തിക്കുന്നത്.

പ്രിയ സംവിധായകനെ അവസാനമായി ഒരുനോക്ക് കാണാനും ആദരാഞ്ജലിയർപ്പിക്കാനും സിനിമാമേഖലയിലെ സുഹൃത്തുക്കളും നാട്ടുകാരുമുൾപ്പെടെ നിരവധി പേരാണ് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിയത്തിലും പള്ളിക്കരയിലെ വീട്ടിലുമെത്തിയത്.

ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു സിദ്ദീഖിന്റെ അന്ത്യം. ന്യൂമോണിയയും കരൾ രോഗവും ബാധിച്ച് ചികിത്സയിലായിരുന്ന സിദ്ദീഖിന് ശനിയാഴ്ച ഹൃദയാഘാതം കൂടി അനുഭവപ്പെട്ടതോടെ ആരോഗ്യനില വഷളായകുകയായിരുന്നു.

ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെച്ചത്. സംവിധായകനും ആത്മസുഹൃത്തുമായ ലാൽ ഭൗതിക ശരീരത്തിന് അടുത്തുതന്നെ കണ്ണീരണിഞ്ഞ് ഇരുന്നത് വേദനിപ്പിക്കുന്ന കാഴ്ചയായി. നടൻ ടോവിനോ, ജയറാം തുടങ്ങിയവർ രാവിലെ തന്നെ എത്തിയിരുന്നു. മിമിക്രി കാലഘട്ടത്തിലെ സഹപ്രവർത്തകർ, കോളജിലും സ്കൂളിലും ഒപ്പം പഠിച്ചവർ, കുടുംബാംഗങ്ങൾ എന്നിവരും അവിടെയുണ്ടായിരുന്നു. സർക്കാറിന് വേണ്ടി എറണാകുളം ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ് പുഷ്പചക്രം സമർപ്പിച്ചു. കമീഷണർ കെ. സേതുരാമൻ ഉൾപ്പെടെ വലിയ പൊലീസ് സംഘവുമുണ്ടായിരുന്നു. 

കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ                            (ചിത്രം.ബൈജു കൊടുവള്ളി)

നടന്മാരായ മമ്മൂട്ടി, ദുൽഖർ സൽമാൻ, ജയറാം, ടൊവിനോ തോമസ്, ഹരിശ്രീ അശോകൻ, ജനാർദനൻ, കോട്ടയം നസീർ, കലാഭവൻ അൻസാർ, ഫഹദ് ഫാസിൽ, നസ്റിയ, സിദ്ദീഖ്, ഷഹീൻ സിദ്ദീഖ്, സൗബിൻ ഷാഹിർ, മണിക്കുട്ടൻ, ഇടവേള ബാബു, സീനത്ത്, സിജോയ് വർഗീസ്, ജഗദീഷ്, സാദിഖ്, ഇർഷാദ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ബാലചന്ദ്രൻ ചുള്ളിക്കാട്, മണിയൻപിള്ള രാജു, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, പൗളി വിൽസൻ, ടിനി ടോം, ബീന ആന്‍റണി, മനോജ് നായർ, ഷെയിൻ നിഗം, നരേൻ, സാജൻ പള്ളുരുത്തി, വിനീത്, കുഞ്ചൻ, വിജയരാഘവൻ, ലിജോ ജോസ് പെല്ലിശ്ശേരി, സായ്കുമാർ, ബിന്ദു പണിക്കർ, സംവിധായകരായ കമൽ, സിബി മലയിൽ, ആലപ്പി അഷ്റഫ്, ലാൽജോസ്, രഞ്ജി പണിക്കർ, ഫാസിൽ, ബി. ഉണ്ണികൃഷ്ണൻ, ബെന്നി പി. നായരമ്പലം, പ്രജേഷ് സെൻ, ബ്ലസി, ഷാഫി, എം.എ. നിഷാദ്, രാജസേനൻ, ജോണി ആന്‍റണി, മേജർ രവി, ‘മാധ്യമം’ സി.ഇ.ഒ പി.എം. സാലിഹ്, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ, സിനിമ നിർമാതാക്കളായ സുരേഷ് കുമാർ, ലിസ്റ്റിൻ സ്റ്റീഫൻ, ആന്‍റോ ജോസഫ്, നിർമാതാവ് ഔസേപ്പച്ചൻ, സിയാദ് കോക്കർ, മമ്മി സെഞ്ച്വറി, ഗായകരായ അഫ്സൽ, ബിജു നാരായണൻ, തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ, മിമിക്രി കലാകാരൻ കെ.എസ്. പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ശാസ്ത്രജ്ഞൻ നമ്പി നാരായണൻ, സംഗീത സംവിധായകൻ ദീപക് ദേവ്, പ്രഫ. എം.കെ. സാനു, കൊച്ചി മേയർ എം. അനിൽകുമാർ, കൊച്ചി സിറ്റി പൊലീസ് കമീഷണർ കെ. സേതുരാമൻ, മാണി സി. കാപ്പൻ എം.എൽ.എ, ചാണ്ടി ഉമ്മൻ, എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, ഐ.എൻ.ടി.യു.സി പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ, ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, മുൻ എം.എൽ.എ എസ്. ശർമ, ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. മുകേഷ്, ഷറഫുദ്ദീൻ, ബാബു ആന്‍റണി, ഗായത്രി സുരേഷ്, ജോയ് മാത്യു തുടങ്ങിയവർ വീട്ടിലെത്തി. വീട്ടിൽ പൊലീസ് ഔദ്യോഗിക ബഹുമതി അർപ്പിച്ചു.

12 മണിയോടെ മൃതദേഹം കാക്കനാട് പള്ളിക്കരയിലെ വീട്ടിലെത്തിക്കുകയായിരുന്നു. അവിടെ പൊതുദർശനത്തിന് ശേഷം വൈകിട്ട് ആറുമണിയോടെയാണ് എറണാകുളം സെൻട്രൽ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കിയത്.  

Tags:    
News Summary - Director Siddique's mortal remains were laid to rest with official honours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.