തിരുവനന്തപുരം: മയക്കുമരുന്ന് വിപത്തിനെ നേരിടാൻ മറ്റെല്ലാം മറന്ന് യോജിച്ച പോരാട്ടമാണ് നടത്തേണ്ടതെന്ന് മന്ത്രി എം ബി രാജേഷ്. നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സമൂഹം നേരിടുന്ന ഗുരുതരമായ വിപത്താണ് മയക്കുമരുന്ന് വ്യാപനം. അതിനെ കക്ഷിരാഷ്ട്രീയത്തിന്റെ മാനദണ്ഡം വെച്ചല്ല സമീപിക്കേണ്ടത്.
നിങ്ങൾ, ഞങ്ങൾ എന്ന നിലയിൽ ഇതിനെ കാണരുത്. ഏത് വീട്ടിലും ഈ വിപത്ത് കടന്നുവന്നേക്കാം. അതിനാൽ കക്ഷി രാഷ്ട്രീയ, ജാതി, മത, ലിംഗഭേദത്തിനതീതമായി എല്ലാവരും യോജിച്ചുനിന്ന് ഈ വിപത്തിനെ എതിർക്കാൻ തയാറാകണം. മാധ്യമങ്ങളും ഈ സമീപനത്തോടെ പ്രവർത്തിക്കാൻ തയാറാകണം. മയക്കുമരുന്ന് വിപത്തിനെതിരെ അതിശക്തമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.
എൻഫോഴ്‌സ്‌മെന്റ് നടപടികൾ ശക്തമായി തുടരുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 26454 എൻ.ഡി.പി.എസ് കേസുകളും 72755 അബ്‌കാരി കേസുകളും എടുത്തു. 2023 ൽ 4998 പേരെ ശിക്ഷിച്ചു. ശിക്ഷാ ശതമാനം 98.34 ശതമാനമാണ്. 2024 ൽ 4473 പേരെ ശിക്ഷിച്ചു. ശിക്ഷാ ശതമാനം 96.5 ശതമാനം. ദേശീയ ശരാശരി 75 ശതമാനമാണെന്ന് ഓർക്കണം. മൂന്ന് പേരെ 35 വർഷമാണ് കൂടുതലാണ് ശിക്ഷിച്ചത്.
പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനത്തിൽ ഇന്ത്യക്കാകെ മാതൃകയാണ് കേരളം. 2010-11 ൽ പ്രാദേശിക സർക്കാരുകൾക്ക് നൽകിയ ബജറ്റ് വിഹിതം 20.45 ശതമായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ വന്ന ശേഷം സംസ്ഥാന ധന കമീഷന്റെ ശുപാർശ പ്രകാരം വര്ഷം തോറും .5 ശതമാനം വീതം കൂട്ടി 2025-26 ൽ 28.35 ശതമാനമാക്കിയെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.