തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണത്തിൽ ക്രമക്കേട് നടന്നെന്ന ഹരജിയിൽ ലോകായുക്ത മുമ്പാകെ വാദം പൂർത്തിയായി. കേസ് വിധി പറയാൻ മാറ്റി. 'കാട്ടിലെ തടി തേവരുടെ ആന' മട്ടിൽ പൊതുജനങ്ങളുടെ പണം ചെലവഴിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയെയും അനുവദിക്കാനാകില്ലെന്ന് വാദത്തിനിടെ ലോകായുക്ത വ്യക്തമാക്കി.
ദുരിതാശ്വാസ നിധിയിൽനിന്ന് പണം നൽകാനുള്ള തീരുമാനം മന്ത്രിസഭയോഗത്തിന്റേതാണെന്നും മന്ത്രിസഭ എന്നത് സർക്കാർ ജീവനക്കാരനല്ലെന്നും അതിനാൽ ഹരജിയിൽ അന്വേഷണം നടത്താനുള്ള അധികാരം ലോകായുക്തക്കില്ലെന്നും സർക്കാറിന് വേണ്ടി ഹാജരായ സ്പെഷൽ അറ്റോണി ടി.എ. ഷാജി വാദിച്ചു. ആവശ്യക്കാരന് സഹായം നൽകുക എന്നത് സർക്കാർ നിലപാടാണ്. സഹായം നൽകുമ്പോൾ രാഷ്ട്രീയം നോക്കാറില്ല.
ദുരിതാശ്വാസനിധിയിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് ഒരു രാഷ്ട്രീയ പാർട്ടിയും കോടതിയെ ഇതുവരെ സമീപിച്ചിട്ടില്ലെന്നും സ്പെഷൽ അറ്റോണി വാദിച്ചു. ജനങ്ങളാൽ തെരഞ്ഞെടുക്കുന്ന സർക്കാറിന് ഖജനാവിലെ പണം എന്തും ചെയ്യാമെന്നാണോയെന്ന് ലോകായുക്ത സിറിയക് ജോസഫ് ചോദിച്ചു. സർക്കാർ നൽകിയ പണം വാങ്ങിയവർക്ക് അയോഗ്യത ഉണ്ടെന്നോ ഈ തുക സർക്കാർ തിരിച്ചുപിടിക്കണമെന്നോ പരാതിയില്ലാത്തത് എന്തുകൊണ്ടാണെന്ന് ഉപലോകായുക്ത ഹാറൂൺ ആർ. റഷീദ് ആരാഞ്ഞു.
പണം കൈകാര്യം ചെയ്യുന്ന വിഷയത്തിൽ ലോകായുക്ത ഉത്തരവിൽ വ്യക്തത വരുത്തിയാൽ മതിയല്ലോയെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ ജോർജ് പൂന്തോട്ടം മറുപടി നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനുവദിച്ചതിൽ സ്വജനപക്ഷപാതം നടത്തിയെന്നാരോപിച്ച് ആർ.എസ്. ശശികുമാറാണ് ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.