നാദാപുരം: ഉരുൾപൊട്ടൽ സർവവും നഷ്ടമായവർ ബാങ്ക് ബാധ്യതകൾ എന്തു ചെയ്യണമെന്നറിയാതെ കടുത്ത ആശങ്കയിൽ. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന സ്ത്രീകളടക്കമുള്ളവർ നിരവധി ബാങ്ക് ബാധ്യതയുള്ളവരാണ്. വീടടക്കം സർവവും നഷ്ടപ്പെട്ടവരാണെങ്കിലും ക്യാമ്പിൽ കഴിയുന്ന ഓരോരുത്തർക്കും ചുരുങ്ങിയത് രണ്ടു ലക്ഷം മുതൽ 50 ലക്ഷം വരെ ബാധ്യതയുണ്ട്.
കാർഷികവൃത്തി, വിദ്യാഭ്യാസം, സ്വയം തൊഴിൽ, വിവാഹം, ഭവനനിർമാണം എന്നിവക്കാണ് പലരും ബാങ്ക് ലോണുകൾ സംഘടിപ്പിച്ചത്. സാധാരണ ജീവിതം നയിച്ച ഇവർക്ക് കാർഷിക മേഖലയിലെ നേരിയ വരുമാനത്തോടൊപ്പം ജീവിതം കരുപ്പിടിപ്പിക്കാനാണ് ബാങ്ക് വായ്പ സഹായങ്ങൾ തിരഞ്ഞെടുത്തത്.
മലവെള്ളം എല്ലാം ഒരു നിമിഷംകൊണ്ട് നക്കിത്തുടച്ചതോടെ വായ്പ ബാധ്യതകൾ എങ്ങനെ അടച്ചുതീർക്കുമെന്ന് ഇവർ ചോദിക്കുന്നു. കോവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങിയപ്പോൾ പ്രഖ്യാപിച്ച മൊറട്ടോറിയം മൂന്നുവർഷം കഴിഞ്ഞ് പിൻവലിച്ചപ്പോൾ ഇരട്ടിബാധ്യതയാണ് ഉണ്ടായത്. ബാങ്ക് ലോണിൽ നിന്നുള്ള ബാധ്യത ഒഴിവാക്കാനുള്ള ശ്രമം ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
40 വർഷത്തിനുശേഷം ഇവിടെയുണ്ടായ ഉരുൾ ദുരന്തം പ്രദേശവാസികളുടെ പ്രതീക്ഷകളെല്ലാം തകർത്തിരിക്കുകയാണ്. ദേവസ്യ കടവൂർ, ബിനീഷ് കടവൂർ, ബിജു കടവൂർ, സന്തോഷ് പാലോലിൽ, ജോണി അയ്യംമല, ബിനു പുളിപറമ്പിൽ, ജിജി ഞാവള്ളി പുത്തംപുര, ജോസി പുളിയാംപ്ലാവ്, ചന്ദ്രി പവിത്രൻ പാലത്തടത്തിൽ, സുധാകരൻ പാലത്തടത്തിൽ എന്നിവരും ബന്ധുക്കളും എല്ലാം നഷ്ടമായതിന്റെ വ്യഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.