സാർ, ഇത് നിങ്ങളെടുത്തോളൂ. ഓർഡർ മാറിപ്പോയതിന് കസ്റ്റമർ എടുക്കാതെ തിരിച്ചയച്ചതാണ്. ഞങ്ങൾക്കിത് ഇനി വേറെ ആർക്കും കൊടുക്കാൻ പറ്റില്ല. നിങ്ങളുടെ മകൾക്കിത് ഇഷ്ടമാവും.... നീട്ടിയ കൈകളിലെ കടലാസു സഞ്ചിയിൽനിന്ന് മാക് ഡോണാൾഡ് ബർഗറിന്റെ കൊതിപ്പിക്കുന്ന മണം ഞങ്ങൾക്ക് ചുറ്റും പരന്നു.
മകളുടെ കണ്ണുകളിലെ കൊതിയുടെ തിളക്കത്തിൽ പ്രതീക്ഷയുടെ സൂര്യകാന്തിപ്പൂക്കൾ. കാഴ്ചയിൽ ശ്രീലങ്കനെന്ന് തോന്നിക്കുന്ന ഡെലിവറി ബോയ് നീട്ടിപ്പിടിച്ച ചൂടുള്ള കവർ, മൂന്ന് ജോടി കണ്ണുകളുടെ നോട്ടത്തിന്റെ മഞ്ഞുമലകൾ ഇടിഞ്ഞുവീണ് തണുത്തുമരവിച്ചു പോകുമെന്ന് തോന്നിച്ചു. അയാളുടെ നെഞ്ചിൽ കുത്തിയ ബാഡ്ജിൽ നിന്ന് ‘റിചാർഡ് പെരേര’ എന്ന പേര് വായിച്ചപ്പോൾ, തോക്കുചൂണ്ടി വരുന്ന പഴയകാല വില്ലൻ കഥാപാത്രങ്ങളെ ഓർത്തുപോയി.
ഇത്രയും ‘വലിയ’ ഭക്ഷണത്തിന് എന്റെ പോക്കറ്റിലെ പണം തികയില്ലെന്നു അറിഞ്ഞു കൊണ്ടുതന്നെ എന്റെ വലത് കൈ ഇടതു പോക്കറ്റിലേക്കു നീങ്ങി. ‘പൈസ വേണ്ട സർ. ഫ്രീയാണ്..’ മകളുടെ കണ്ണുകളിലെ തിളക്കം എന്റെ കണ്ണുകളിലേക്കും പടർന്നുകയറി. പ്രിയതമയുടെ കണ്ണുകളിലും കണ്ടു ആശ്വാസത്തിന്റെ സൂര്യകാന്തിപ്പൂക്കൾ. ‘എങ്കിലിത് നിങ്ങൾക്ക് കഴിച്ചുകൂടെ റിചാർഡ്...?’ കേവലം നിർദോഷകരമായ ഒരു മര്യാദരാമൻ ചോദ്യമെറിഞ്ഞു ഞാനയാളുടെ മുഖത്തേക്ക് സാകൂതം നോക്കിനിന്നു.
‘പറ്റില്ല സർ, ഞങ്ങൾക്ക് അത് അനുവദനീയമല്ല. പിന്നെ എനിക്കു നോമ്പുള്ളതു കൊണ്ട് അങ്ങനെ ചിന്തിക്കാനേ പാടില്ല’
റിചാർഡ് പെരേരക്കും നോമ്പോ.... അറിവില്ലാത്തൊരജ്ഞാതന്റെ ചോദ്യം അകത്തുനിന്നും പുറത്തുചാടാൻ വെമ്പിനിന്നു. അയാളുടെ പേര് വീണ്ടും വായിക്കാനുള്ള എന്റെ തന്ത്രപ്പാട് കണ്ടിട്ടാവണം അയാൾ പറഞ്ഞു: ‘ഒരു പേര് മാത്രം നോക്കി ഒരു മനുഷ്യനെ വിലയിരുത്തല്ലേ സർ. നോമ്പെടുക്കുന്നത് മുസ്‍ലിംകൾ മാത്രമല്ലല്ലോ. എല്ലാ റമദാൻ മാസത്തിലും ഞാൻ നോമ്പെടുക്കാറുണ്ട്.
‘ഞാനീ ഓർഡറും കൊണ്ട് പോകുമ്പോഴും നിങ്ങളിവിടെ ഇരിക്കുന്നുണ്ട്. ഞങ്ങളുടെ റസ്റ്റാറന്റിന്റെ ഗ്ലാസിൽ പതിച്ച ബർഗറിന് ചുറ്റും വട്ടമിട്ടു പറക്കുന്ന നിങ്ങളുടെ മകളെ ഞാൻ അപ്പോൾ മുതലേ ശ്രദ്ധിച്ചിരുന്നു..’ ശരിയാണ്. നോമ്പ് തുറന്നാൽ ഐസ്ക്രീം വാങ്ങി തിരിച്ചു പോകാമെന്നും പറഞ്ഞു ഈ സിമന്റ് ബെഞ്ചിൽ തൊട്ടുതൊട്ടുള്ള ചാരിയിരിപ്പ് തുടങ്ങിയിട്ട് അരമണിക്കൂറിലേറെ ആയിക്കാണും. ഇത്രയും നേരം കൊണ്ട് എത്രയോവട്ടം ഉള്ളിലെ സ്നേഹക്കുടുക്ക പൊട്ടിച്ച് കാത്തുസൂക്ഷിച്ച സ്വപ്നങ്ങളെ പുറത്തെടുത്ത് എണ്ണിയെണ്ണിയിരുന്നു ഞങ്ങൾ.
അതിനിടയിൽ മോളുടെ കൊതിക്കണ്ണുമായുള്ള വട്ടമിട്ടുപറക്കലുകൾ ഞങ്ങളും ശ്രദ്ധിച്ചിരുന്നു. അടുത്ത മാസാദ്യത്തിലെ ഞങ്ങളുടെ കുടുംബ ബജറ്റിൽ ബർഗറിനുള്ള സ്ഥാനം ഞങ്ങളപ്പോൾതന്നെ അടയാളപ്പെടുത്തിക്കഴിഞ്ഞിരുന്നു. സ്വന്തം പേരിലൂടെ തമ്മിൽ തമ്മിൽ അന്യരാക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ പേരിന് ഒരായിരം അർഥതലങ്ങളുണ്ടെന്നു എനിക്കവനോട് പറയണമെന്ന് തോന്നി. പേരിനെ ചൊല്ലിയുള്ള വേർതിരിവിന്റെ ചെകുത്താൻ കയങ്ങളിലേക്ക് ഈയുള്ളവന്റെ നാടും വഴുതിവീഴുമോയെന്ന് പെരേരയും ഭീതിപ്പെടുന്നുണ്ടാവുമോ...
നോമ്പിന്റെ തളർച്ചയിലും റിചാർഡിന്റെ മുഖത്ത് തെളിഞ്ഞുകണ്ട മന്ദസ്മിതത്തിൽ എന്റെ ആശങ്കകൾ ഇല്ലാതാവുകയായിരുന്നു. വിശപ്പിന്റെ രസതന്ത്രവും വിശക്കുന്നവന്റെ മനഃശാസ്ത്രവും അനുഭവിച്ചറിഞ്ഞവന്റെ മുന്നിൽ എന്റെ ലോകം വളരെ ചെറുതാണെന്ന ബോധ്യം എന്നെ പലവട്ടം വലംവെച്ച് കടന്നുപോയി.
ഭക്ഷണം ഞങ്ങളെ ഏൽപിച്ച് മോളുടെ കവിളിൽ തലോടി റിചാർഡ് തിരിച്ചു പോകുമ്പോൾ എന്റെ പേരിലോ എന്റെ കുടുംബത്തിന്റെ പേരിലോ നേരാവണ്ണം ഒരു നന്ദിവാക്കുപോലും അയാളോട് പറഞ്ഞില്ലെന്നോർത്ത് എന്നിലെ അച്ഛൻ പരിതപിച്ചു.
‘വിശക്കുന്നവന്റെ കണ്ണുകളിൽ വായിക്കാൻ കഴിയുന്നത് വിശപ്പിന്റെ പുസ്തകങ്ങൾ മാത്രമാണ് സർ....’ പ്രിയ സുഹത്തേ, നിങ്ങൾ വായിച്ചത്ര വിശപ്പിന്റെ പുസ്തകങ്ങൾ ഇന്നേവരെ ആരും വായിച്ചു കാണില്ല. റിചാർഡിന്റെ തലോടലേറ്റ മകളുടെ കവിളിലപ്പോൾ ഒരു സൂര്യകാന്തിപ്പാടം പൂത്തുനിൽക്കുന്നു....!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.