തിരുവനന്തപുരം: മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ച പ്രാഥമിക ചർച്ചകൾക്ക് സി.പി.എം തുടക്കംകുറിച്ചതിന് പിന്നാലെ മന്ത്രിസഭയിൽ ജില്ലകളുടെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഉയരുകയാണ്. സി.പി.എമ്മിെൻറയും ഘടകകക്ഷി മന്ത്രിമാരുടെയും കാര്യത്തിൽ വ്യക്തമായ സൂചനകളൊന്നും ഇല്ലെങ്കിലും 14 ജില്ലകൾക്കും പ്രാതിനിധ്യം കിട്ടുമോ, ഏതൊക്കെ ജില്ലകളാകും ഒഴിവാകുക എന്നീ കാര്യങ്ങൾ ചർച്ചചെയ്യപ്പെടുകയാണ്.
ഒന്നാം പിണറായി സർക്കാറിൽ വയനാട്, എറണാകുളം, കോട്ടയം ജില്ലകൾക്ക് പ്രാതിനിധ്യമില്ലായിരുന്നു. ആദ്യം മന്ത്രിയായിരുന്ന മാത്യു ടി. തോമസ് ജെ.ഡി(എസ്) ലെ സമവായപ്രകാരം കെ. കൃഷ്ണൻകുട്ടിക്കുവേണ്ടി സ്ഥാനം ഒഴിഞ്ഞതോടെ പത്തനംതിട്ടക്കും പ്രാതിനിധ്യമില്ലാതായി. മന്ത്രിസഭയുടെ എണ്ണം മുഖ്യമന്ത്രി ഉൾപ്പെടെ 21 ൽ കൂടാൻ പാടില്ലെന്നതാണ് 11 ഘടകകക്ഷികളുള്ള എൽ.ഡി.എഫ് നേരിടുന്ന വെല്ലുവിളി. മുഖ്യമന്ത്രിയെ കൂടാതെ കണ്ണൂരിൽനിന്ന് എത്ര മന്ത്രിമാരുണ്ടാകുമെന്ന കണക്കുകൂട്ടൽ ശക്തമാണ്. സി.പി.എമ്മിൽനിന്ന് പിണറായി വിജയൻ, കെ.കെ. ശൈലജ, എം.വി. ഗോവിന്ദൻ കൂടാതെ കേരളാ കോൺഗ്രസ് (എസ്) (കടന്നപ്പള്ളി രാമചന്ദ്രൻ), എൽ.ജെ.ഡി (കെ.പി. മോഹനൻ) എന്നിവരാണ് മന്ത്രിസ്ഥാനം കാംക്ഷിക്കുന്നത്. കാസർകോട് മന്ത്രി ഇ. ചന്ദ്രശേഖരന് സി.പി.െഎ മന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ ജില്ലക്ക് പ്രാതിനിധ്യം ലഭിക്കുമോയെന്നതിൽ സംശയമുണ്ട്.
കോഴിക്കോട് ടി.പി. രാമകൃഷ്ണനെ (സി.പി.എം) കൂടാതെ ഇ.കെ. വിജയൻകൂടി (സി.പി.െഎ) സാധ്യതാ പട്ടികയിലുണ്ട്. അഹമ്മദ് ദേവർകോവിലിനെ മുന്നിൽ നിർത്തി െഎ.എൻ.എല്ലും കാത്തിരിക്കുകയാണ്. മലപ്പുറത്ത് കെ.ടി. ജലീലിന് പകരം പി. നന്ദകുമാറിന് ലഭിക്കുമോയെന്നതിലാണ് കൂട്ടലും കിഴിക്കലും. പാലക്കാട് എം.ബി. രാജേഷ് (സി.പി.എം), കെ. കൃഷ്ണൻകുട്ടി (ജെ.ഡി.എസ്) എന്നിവരാണ് പരിഗണനയിൽ. എറണാകുളത്ത് ഉറപ്പായ പി. രാജീവിനെ കൂടാതെ ലത്തീൻ വിഭാഗത്തിൽനിന്ന് കെ.ജെ. മാക്സിയും (സി.പി.എം) ഉണ്ട്.
ഇടുക്കിയിൽ എം.എം. മണി (സി.പി.എം) കൂടാതെ കേരള കോൺഗ്രസിെൻറ റോഷി അഗസ്റ്റിനും ഇത്തവണയുണ്ട്. തൃശൂരിൽ കെ. രാധാകൃഷ്ണൻ, എ.സി. മൊയ്തീൻ ഇവരിൽ ആരെ സി.പി.എം സ്വീകരിക്കുമെന്നതാണ് അറിയേണ്ടത്. സി.പി.െഎയിൽനിന്ന് കെ. രാജനാണ് സാധ്യത. കോട്ടയത്ത് വി.എൻ. വാസവനെ (സി.പി.എം) കൂടാതെ എൻ. ജയരാജിനുവേണ്ടി കെ.സി.എം രംഗത്തുണ്ട്. ആലപ്പുഴയിൽ സജിചെറിയാൻ, പി.പി. ചിത്തരഞ്ജൻ എന്നിവരെ (സി.പി.എം) കൂടാതെ പി. പ്രസാദും (സി.പി.െഎ) ഉണ്ട്. പത്തനംതിട്ടയിൽ വീണാ ജോർജിലാണ് സി.പി.എം ജില്ലാ നേതൃത്വത്തിെൻറ പ്രതീക്ഷ. കൊല്ലത്ത് കെ.എൻ. ബാലഗോപാലിനെ(സി.പി.എം) കൂടാതെ ചിഞ്ചുറാണി/ പി.എസ്. സുപാൽ (സി.പി.െഎ), കെ.ബി. ഗണേഷ് കുമാർ (കെ.സി.ബി) എന്നിവർക്കും തിരുവനന്തപുരത്ത് വി. ശിവൻകുട്ടി/കടകംപള്ളി സുരേന്ദ്രൻ (സി.പി.എം), ജനാധിപത്യ കേരളാ കോൺഗ്രസ് (ആൻറണി രാജു) എന്നിവർക്കും പ്രാതിനിധ്യം കിട്ടുമോയെന്നത് വ്യക്തമാകേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.