കോഴിക്കോട്: ഇടതുസർക്കാർ അധികാരത്തിലേറിയശേഷം ഭിന്നശേഷി വിഭാഗത്തിലെ 1204 പേർക്ക് സ്കൂളുകളിൽ നിയമനം നൽകിയയെന്ന് മന്ത്രി വി. ശിവൻകുട്ടി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസുകളിൽ 2023 ഡിസംബർ 31 വരെ കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്ന ഉത്തരമേഖല ഫയൽ അദാലത്ത് നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ വകുപ്പിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾക്ക് അടിയന്തിര തീരുമാനം ഉണ്ടാകണമെന്ന ദൃഢനിശ്ചയത്തിന്റെ പുറത്താണ് സംസ്ഥാനത്തെ മൂന്നു മേഖലകളായി തിരിച്ച് ഫയൽ അദാലത്ത് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. എറണാകുളത്ത് നടന്ന അദാലത്തിൽ 1084 ഫയലുകളും കൊല്ലത്ത് നടത്തിയ അദാലത്തിൽ 692 ഫയലുകളും തീർപ്പാക്കി. നിയമന അംഗീകാരങ്ങളും ഓഡിറ്റ് സംബന്ധിയായ കാര്യങ്ങൾക്കും മുൻഗണന നൽകിയാണ് അദാലത്ത് തീർപ്പാക്കുന്നത്. വയനാട് ജില്ലക്ക് വേണ്ടി ഉത്തരമേഖല അദാലത്തിൽ ഹെൽപ്പ്ഡസ്ക് ഉണ്ടെങ്കിലും ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാടിനായി പ്രത്യേക അദാലത്ത് നടത്തുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
മേഖലകൾ തിരിച്ചുള്ള അദാലത്തിനുശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസും പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസും കേന്ദ്രീകരിച്ച് അദാലത്തുകൾ നടത്തും. ഇതോടെ കെട്ടിക്കിടക്കുന്ന ഫയലുകളിൽ വലിയൊരളവുവരെ തീർപ്പാക്കാൻ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പരിപാടിയിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ഇന്ത്യയിൽ നിർമിതി ബുദ്ധി ആദ്യമായ് വിദ്യാഭ്യാസമേഖലയിൽ കൊണ്ടുവന്ന സ്ഥാനമാണ് കേരളമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിപാടിയിൽ പത്തോളം അധ്യാപകർക്ക് വി. ശിവൻകുട്ടി നിയമന ഉത്തരവ് നേരിൽ കൈമാറി. ഇതിനുപുറമേ 20 വർഷമായി കെട്ടിക്കിടന്നിരുന്ന, മലപ്പുറം മങ്കട സ്കൂളിലെ വിരമിച്ച പ്രധാന അധ്യാപകന്റെ പെൻഷൻ സംബന്ധിച്ച കാര്യങ്ങളും തീർപ്പാക്കിയുള്ള ഉത്തരവും കൈമാറി. ശനിയാഴ്ച കോഴിക്കോട് നടക്കുന്ന അദാലത്തിൽ 1780 അപേക്ഷകളാണ് ലഭിച്ചത്.
മേയർ ബീന ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി രേഖ, മുൻ എം.എൽ.എ എ. പ്രദീപ്‌കുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് സ്വാഗതവും വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ) ആർ എസ് ഷിബു നന്ദിയും പറഞ്ഞു. പരിപാടിയിൽ വെച്ച് പ്രൈവറ്റ് ഏജന്റ്സ് സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.