കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ ഹരജി സർക്കാറിെൻറ പരിഗണനയിൽ. കോടതിയുടെ പരിഗണനയിലുള്ള കേസിലാണെങ്കിലും വ്യാജമായി തെളിവുണ്ടാക്കിയെന്ന പരാതി അന്വേഷിക്കാൻ നിയമപരമായി തടസ്സമില്ലെന്ന സുപ്രീംകോടതി ഉത്തരവടക്കം ചൂണ്ടിക്കാട്ടി ലഭിച്ച നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം. എന്നാൽ, ഉടൻ അപ്പീൽ നൽകേണ്ടതുണ്ടോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേരുപറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് സ്വപ്ന സുരേഷും സന്ദീപും നടത്തിയ വെളിപ്പെടുത്തലുകളെത്തുടർന്ന് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകളാണ് ഹൈകോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ നൽകിയ ഹരജികളിലാണ് ഏപ്രിൽ 16ന് ഉത്തരവുണ്ടായത്.
കേസുകൾ റദ്ദാക്കിയെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണ ഭാഗമായി ശേഖരിച്ച വിവരങ്ങൾ മുദ്രവെച്ച കവറിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ (ഇ.ഡിയുടെ ചുമതലയുള്ള പ്രത്യേക കോടതി) നൽകാനും ഇതു പരിശോധിച്ച് അന്വേഷണം ആവശ്യമെങ്കിൽ കോടതി നടപടിയെടുക്കാനും ഹൈകോടതി നിർദേശിച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പ്രാഥമിക കുറ്റപത്രം വിചാരണക്കോടതിയിൽ നൽകിയിട്ടുണ്ട്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ വ്യാജമായി തെളിവുണ്ടാക്കാൻ ശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്ത് അന്വേഷിക്കാൻ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 195 (1) (ബി) (i) പ്രകാരം വിലക്കുണ്ടെന്ന് വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് ഇടപെട്ടത്. എന്നാൽ, ഈ ഉത്തരവ് നിലനിൽക്കില്ലെന്നും അപ്പീൽ നൽകാവുന്നതാണെന്നും കേസിൽ സർക്കാറിനുവേണ്ടി ഹാജരായ മുൻ അഡീ. സോളിസിറ്റർ ജനറൽ ഹരിൻ പി. റാവൽ നിയമോപദേശം നൽകുകയായിരുന്നു.
കോടതിയുടെ പരിഗണനയിലുള്ള കേസിലാണെങ്കിലും വ്യാജമായി തെളിവുണ്ടാക്കിയെന്ന പരാതി അന്വേഷിക്കാൻ നിയമപരമായി തടസ്സമില്ലെന്ന് ഭീമറാവു പ്രസാദ് കേസിൽ മാർച്ച് 12ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്ന് നിയമോപദേശത്തിൽ പറയുന്നു. വ്യാജ തെളിവുണ്ടാക്കിയെന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 193 പ്രകാരമുള്ള കുറ്റത്തിനാണ് അന്വേഷണ വിലക്കുള്ളത്.
എന്നാൽ, വ്യാജ തെളിവുണ്ടാക്കാൻ ശ്രമിെച്ചന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 116 പ്രകാരമുള്ള കുറ്റമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരുന്നത്. ഇത് അന്വേഷിക്കാൻ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ വിലക്ക് ബാധകമല്ലെന്നാണ് നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.