പെരുമ്പാവൂർ: പെരുമ്പാവൂരിൽ കൊലചെയ്യപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിെൻറ അക്കൗണ്ടിലുള്ള തുകക്കായി പോരടിച്ച് ഭാര്യ രാജേശ്വരിയും മകൾ ദീപയും. പാപ്പുവിെൻറ അക്കൗണ്ടിലുള്ള 4,32,000 രൂപക്കാണ് അമ്മയും മകളും പിടിവലി കൂടുന്നത്. എന്നാൽ, പാപ്പു തെൻറ ബാങ്ക് അക്കൗണ്ടിൽ നോമിനിയാക്കിയിരിക്കുന്നത് മുൻ പഞ്ചായത്ത് പ്രസിഡൻറും അയൽക്കാരിയുമായ സരോജിനിയമ്മയെ ആണ്. അതിനാൽ പണം പിൻവലിക്കണമെങ്കിൽ സരോജിനിയമ്മയുടെ സമ്മതം കൂടിയേ തീരു.
രോഗബാധിതനായിരുന്ന പാപ്പുവിനെ അവസാന നാളുകളിൽപോലും കാണാനോ ഒരു നേരത്തേ മരുന്ന് വാങ്ങി നൽകാനോ രാജേശ്വരിയും ദീപയും തയാറായിരുന്നില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. കടുത്ത രോഗബാധിതനായി മൂന്ന് മാസത്തോളം അവശനിലയിൽ കഴിഞ്ഞ പാപ്പു വീടിന് സമീപം റോഡരികിൽ തളർന്നുവീണ് മരിക്കുകയായിരുന്നു. പൊലീസ് ഇൻക്വസ്റ്റ് തയാറാക്കുേമ്പാഴാണ് എസ്.ബി.ഐ ഓടക്കാലി ശാഖയിലെ പാസ്ബുക്ക് ലഭിച്ചത്. ഇതോടെയാണ് പാപ്പുവിെൻറ അക്കൗണ്ടിൽ ഉണ്ടായിരുന്ന ലക്ഷങ്ങളെക്കുറിച്ച് ബന്ധുക്കൾപോലും അറിയുന്നത്. അംബേദ്കർ ഫൗണ്ടേഷൻ 2017 മാർച്ചിൽ പാപ്പുവിന് നൽകിയ അഞ്ച് ലക്ഷം രൂപയിൽ ബാക്കിയുള്ള 4,32,000 രൂപയാണ് അക്കൗണ്ടിൽ ഉള്ളത്. ജിഷ മരിച്ചശേഷം കുടുംബത്തിന് ലഭിച്ച പണത്തെ ചൊല്ലി രാജേശ്വരിയും മൂത്തമകൾ ദീപയും തമ്മിൽ വഴക്ക് പതിവായിരുന്നു. പ്രശ്നങ്ങൾ കടുത്തതോടെ മുടക്കുഴയിൽ സർക്കാർ പണിതുനൽകിയ വീട്ടിൽനിന്ന് കുറച്ചുനാൾമുമ്പ് വഴക്കിട്ടിറങ്ങിയ രാജേശ്വരി ഇപ്പോൾ കുടുംബ സുഹൃത്തിെൻറ വീട്ടിലാണ് താമസിക്കുന്നതെന്നാണ് വിവരം.
ഇതിനിടെ പിതാവിെൻറ അക്കൗണ്ടിലെ പണം പിൻവലിക്കാൻ ദീപ ശ്രമം നടത്തിയതായും പറയുന്നു. പാപ്പുവിെൻറ മരണസർട്ടിഫിക്കറ്റ് വാങ്ങിയ ദീപ അപേക്ഷ ഓടക്കാലിയിലെ എസ്.ബി.ഐ ബാങ്കിൽ നൽകിയതറിഞ്ഞ രാജേശ്വരി പെരുമ്പാവൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകുകയായിരുന്നു. ഭർത്താവിെൻറ സ്വത്ത് തനിക്കുമാത്രം അവകാശപ്പെട്ടതാണെന്ന് രാജേശ്വരി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, നോമിനിയായ സരോജിനിയമ്മക്ക് മാത്രമെ പണം കൈമാറാനാകൂ എന്ന നിലപാടിലാണ് ബാങ്ക്.
ധനസഹായം ലഭിച്ച വിവരമോ തന്നെ നോമിനിയാക്കിയതൊ പാപ്പു പറഞ്ഞിരുന്നില്ലെന്നും അധികാരപ്പെട്ടവർ തീരുമാനിക്കുന്നത് പ്രകാരം പണം എടുത്ത് നൽകാൻ തയാറാണെന്നും സരോജിനിയമ്മ പറഞ്ഞു. എന്നാൽ, പാപ്പുവിന് ധനസഹായമായി ലഭിച്ച തുക രാജേശ്വരിക്കും മകൾക്കും നൽകാതെ സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായമായി നൽകണമെന്ന് എസ്.സി -എസ്.ടി കോഒാഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.