കായംകുളം/കൊടുങ്ങല്ലൂർ: തപാൽവോട്ട് ചെയ്യിക്കുന്നതിനിടെ കായംകുളത്ത് ക്ഷേമ പെൻഷൻ വിതരണം ചെയ്തത് വിവാദമാകുന്നു. 77ാം നമ്പർ ബൂത്തിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പെൻഷൻ വിതരണം ചെയ്തത്.
80 വയസ്സിന് മുകളിലുള്ള തോപ്പിൽ വീട്ടിൽ കമലാക്ഷിയമ്മയുടെ തപാൽവോട്ട് രേഖപ്പെടുത്തുന്നതിനാണ് ഉദ്യോഗസ്ഥർ എത്തിയത്. ഇതേസമയം, കായംകുളം വില്ലേജ് സഹകരണസംഘം പ്രതിനിധി ക്ഷേമ പെൻഷനുംകൊണ്ട് എത്തുകയായിരുന്നു. പുറത്തുവന്ന വിഡിയോയിൽ പെൻഷൻ തുക കൈമാറുന്നതും വോട്ടറെ സ്വാധീനിക്കുന്നതും വ്യക്തമായതോടെയാണ് സംഭവം വിവാദമായത്. പുതുപ്പള്ളിയിൽ തപാൽ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥർ നോട്ടക്ക് ചെയ്യാൻ പ്രേരിപ്പിച്ചതായി ആക്ഷേപം നിലനിൽക്കെയാണ് പുതിയ സംഭവം.
അതിനിടെ, പെൻഷൻ വിതരണം ചെയ്ത വില്ലേജ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥനും കായംകുളം വില്ലേജ് കോഓപറേറ്റിവ് ബാങ്കിലെ കലക്ഷൻ ഏജൻറുമായ സി.എസ്. സുഭാഷിനെ സസ്പെൻഡ് ചെയ്തു. വരണാധികാരി നടത്തിയ അന്വേഷണത്തിെൻറ അടിസ്ഥാനത്തിലാണ് കലക്ടർ നടപടി സ്വീകരിച്ചത്.
കൊടുങ്ങല്ലൂർ കയ്പമംഗലം നിയോജക മണ്ഡലത്തിലെ അഴീക്കോട് മേഖലയിൽ തപാൽ വോട്ടിനെതിരെ കൂടുതൽ പരാതി. വയോധികരായ രണ്ട് സ്ത്രീകളെ കൂടി സ്പെഷൽ പോളിങ് ടീം സ്വാധീനിക്കാൻ ശ്രമിച്ചതിെൻറ വിവരങ്ങളാണ് പുറത്തുവന്നത്. അഴീക്കോട് കൊട്ടിക്കൽ തേവാലിൽ സുബ്രഹ്മണ്യെൻറ ഭാര്യ കാർത്ത്യായനിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പരാതിയുണ്ട്.
ഇടത് സ്ഥാനാർഥിയുടെ ചിഹ്നത്തിൽ വോട്ട് ചെയ്യിക്കാനായിരുന്നു ശ്രമമെന്ന് മകൻ അജിത്കുമാർ പറഞ്ഞു. അഴീക്കോട് നടുമുറി ഐശു എന്ന വൃദ്ധയുടെ വോട്ട് കൈപ്പത്തിക്ക് പകരം അരിവാൾ നെൽക്കതിരിൽ ചെയ്യിച്ചതായും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.