ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ ശക്തമാക്കും- മന്ത്രി വി.അബ്ദുറഹിമാന്‍

തിരുവനന്തപുരം: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളുടെ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്‍റെ ഭാഗമായി താഴേത്തട്ടില്‍ വിവിധ പരിശിലന പരിപാടികളും കായിക മത്സരങ്ങളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റുമാരുമായി കായിക മന്ത്രി   നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ആദ്യഘട്ടമായി പഞ്ചായത്തുതല ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റുകള്‍ സംഘടിപ്പിക്കും. പഞ്ചായത്തുതലത്തില്‍ ഫുട്ബോള്‍ പരിശീലകര്‍ക്കും റഫറിമാര്‍ക്കും വിദഗ്ധ പരിശീലനം നല്‍കും. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. തുടര്‍ന്ന് മറ്റു കായിക ഇനങ്ങളിലും പ്രാദേശിക ടൂര്‍ണ്ണമെന്‍റുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കും.

സ്വന്തമായി ഓഫീസ് കെട്ടിടമില്ലാത്ത ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ക്ക് സ്ഥലമുണ്ടെങ്കില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ധനസഹായം നല്‍കുമെന്നും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റുമാര്‍ക്കുള്ള സ്ഥിരം ട്രാവലിംഗ് അലവന്‍സ് 7500 രൂപയില്‍ നിന്നും 15000 ആയി ഉയര്‍ത്തിയതായും മന്ത്രി യോഗത്തില്‍ അറിയിച്ചു. പഞ്ചായത്ത്/മുന്‍സിപ്പല്‍ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ അടുത്ത മാസം നിലവില്‍ വരുമ്പോള്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ക്ക് ഉത്തരവാദിത്തം വര്‍ദ്ധിക്കും.

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍റിങ്ങ് കമ്മിറ്റി അംഗംങ്ങള്‍ക്ക് ഓരോ ജില്ലയുടെ വീതം ചുമതല നല്‍കും. ജില്ലാ കൗണ്‍സിലിന്‍റെ പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി എല്ലാ മാസവും യോഗം ചേരും. ജില്ലകളിലെ കളിക്കളങ്ങളുടെ സംരക്ഷണത്തിലും കായിക മേഖലയിലെ പുതിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലും അതത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ സജീവമായി ഇടപെടണം. സ്പോര്‍ട്സ് ഹോസ്റ്റലുകളിലെ കുട്ടികള്‍ക്കുള്ള പോഷകാഹാര വിതരണത്തിന് കേന്ദ്രീകൃത സംവിധാനം കൊണ്ടുവരും.

കായിക അസോസിയേഷനുകളുടെ ജില്ലാതല ഘടകങ്ങളുടെ പ്രവര്‍ത്തനം കൃത്യമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ വിലയിരുത്തണം. നിര്‍ജ്ജീവമായ അസോസിയേഷനുകളെ സജീവമാക്കാന്‍ ഇടപെടണം എന്നും മന്ത്രി പറഞ്ഞു. പ്ലാനിങ് ബോര്‍ഡ് അംഗം സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയും യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്ത് സ്പോര്‍ട്സ് കൂടുതല്‍ ജനകീയമാക്കണമെന്നും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ കായികമേഖല വളരണമെന്നും അദ്ദേഹം പറഞ്ഞു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് മേഴ്സിക്കുട്ടന്‍, വൈസ് പ്രസിഡന്‍റ് ഒ.കെ.വിനീഷ്, സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗം എം.ആര്‍.രഞ്ജിത്ത് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Tags:    
News Summary - District Sports Councils will be strengthened: Minister V Abdurahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.