കോഴിക്കോട്: കൊച്ചി മെട്രൊയുടെ ഉദ്ഘാടനത്തിന് കേരളം തയാറെടുക്കുമ്പോൾ മറ്റൊരു പദ്ധതി പൂർത്തിയായതിന്‍റെ ആത്മ സംതൃപ്തിയിലാണ് ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ. താന്‍ പഠിച്ച പട്ടാമ്പിക്കടുത്തെ ചാത്തന്നൂര്‍ സർക്കാർ എല്‍.പി സ്കൂളിന് ക്ലാസ് മുറികള്‍ നിർമിച്ച് നൽകാൻ ശ്രീധരന് സാധിച്ചു. സംസ്ഥാന സർക്കാർ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് ഡി.എം.ആര്‍.സിയുടെ സഹായത്തിൽ ക്ലാസ് മുറികളുടെ നിർമാണം പൂർത്തിയാക്കിയത്. ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഇ. ശ്രീധരന്‍റെ സന്ദര്‍ശനത്തിന് സമയം ചോദിച്ചത് കാലത്ത് എട്ടു മണിക്കായിരുന്നു. അദ്ദേഹം കൃത്യസമയത്ത് ഓഫീസിലെത്തി. ഞാന്‍ 10 മിനിറ്റ് വൈകിയും. സന്തോഷം പറയാന്‍ വന്നതാണ് എന്നദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചു കൊച്ചി മെട്രോയെ കുറിച്ചായിരിക്കും എന്ന്. പക്ഷെ അദ്ദേഹത്തിന് പറയാന്‍ ഉണ്ടായിരുന്നത് താന്‍ പഠിച്ച പട്ടാമ്പിക്കടുത്ത ചാത്തന്നൂര്‍ ഗവ. എല്‍.പി സ്ക്കൂളിനെ കുറിച്ചായിരുന്നു. അവിടെ രണ്ടു ക്ലാസ് മുറികള്‍ പണിയാന്‍ 20 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
ഇ. ശ്രീധരന്‍ പഠിച്ച സ്കൂള്‍ ആണെന്നതറിയാതെ ഡി.എം.ആര്‍.സി വഴി ഈ പ്രവൃത്തി ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. അങ്ങിനെയാണ് അദ്ദേഹം എന്‍റെയടുത്ത് വന്നത്. ഇപ്പോള്‍ അനുമതി കിട്ടിയാല്‍ മഴക്ക് മുമ്പ് പണി തീര്‍ക്കാമെന്നായിരുന്നു എന്നദ്ദേഹം അന്ന് പറഞ്ഞത്. സാങ്കേതിക വൈതരണി മറികടക്കാന്‍ ക്യാബിനറ്റില്‍ കൊണ്ടു പോയി തീരുമാനം സര്‍ക്കാര്‍ തീരുമാനം മാറ്റിയെടുത്തു.
ഇത്രയും വിവരങ്ങള്‍ ഞാന്‍ മുമ്പൊരു പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നല്ലോ. അന്ന് പറഞ്ഞ വാക്ക് അദ്ദേഹം കൃത്യമായി പാലിച്ചു. രണ്ടര മാസമേ എടുത്തുള്ളൂ, മഴക്ക് മുമ്പ് കെട്ടിടം പണി പൂര്‍ത്തിയാക്കി ക്ലാസ് മുറികളില്‍ പഠിത്തവും തുടങ്ങി. ഇപ്പോള്‍ 254 കുട്ടികള്‍ പഠിക്കുന്നു. നാലു ഡിവിഷനുകളിലും കിന്‍ഡര്‍ ഗാര്‍ഡനിലുമായി.
ഈ വര്‍ഷം 40 കുട്ടികള്‍ ആണത്രേ വര്‍ധിച്ചിരിക്കുന്നത്. അതിലുള്ള സന്തോഷം ശ്രീധരന്‍ മറച്ചുവെച്ചില്ല. താന്‍ പഠിച്ച എല്‍.പി സ്കൂളിലെ രണ്ടു ക്ലാസ് മുറികള്‍ പൂര്‍ത്തീകരിച്ച കാര്യം പറയാന്‍ വേണ്ടി മാത്രം എന്നെ വന്നുകണ്ട മെട്രൊ മാന്‍ എന്നെ വീഴ്ത്തിക്കളഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.