കൊച്ചി: ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തരിൽനിന്ന് ഭക്ഷണത്തിന് അമിതവില ഈടാക്കുന്നത് തടയണമെന്ന് ഹൈകോടതി. പത്തനംതിട്ട ജില്ല കലക്ടർ നിശ്ചയിച്ച വിലവിവരപ്പട്ടിക മറ്റ് ഭാഷകളിൽ പ്രദർശിപ്പിക്കാത്തതും പരാതിപ്പെടാൻ കൃത്യമായ സംവിധാനമില്ലാത്തതും മൂലമാണ് പലരും വഞ്ചിക്കപ്പെടുന്നത്.
അതിനാൽ സന്നിധാനം, പമ്പ, നിലക്കൽ, എരുമേലി മേഖലകളിലെ ഭക്ഷണശാലകളിലും ഇടത്താവളങ്ങളിലും അംഗീകൃത വിലവിവരപ്പട്ടിക വിവിധ ഭാഷകളിൽ പ്രദർശിപ്പിക്കണം. പരാതിയുണ്ടെങ്കിൽ അറിയിക്കാൻ ജില്ല മജിസ്ട്രേട്ടിന്റെ ഫോൺ നമ്പറും ബോർഡിൽ ഉണ്ടാകണം. കരിക്ക് വിലയും പ്രദർശിപ്പിക്കണം. ശബരിമല സ്പെഷൽ കമീഷണർ നൽകിയ റിപ്പോർട്ടുകൾ പരിഗണിച്ചാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.
ഓരോ സംസ്ഥാനത്തുനിന്നുമുള്ള ഭക്തർക്ക് പരാതി അറിയിക്കാൻ പ്രത്യേക നോഡൽ ഓഫിസർമാരെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈകോടതി എതിർകക്ഷികളുടെ നിലപാട് തേടി. നീലിമല-അപ്പാച്ചിമേട് - ശബരിപീഠം പരമ്പരാഗത പാതയിൽ തീർഥാടകർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ബന്ധപ്പെടേണ്ട അടിയന്തര ഫോൺ നമ്പർ നൽകാനും നിർദേശിച്ചിട്ടുണ്ട്.
സ്വാമി അയ്യപ്പൻ റോഡിൽ മതിയായ ശുചിമുറി സൗകര്യം ഏർപ്പെടുത്തുക, സന്നിധാനത്തെ അണ്ടർപാസിൽ മതിയായ വെളിച്ചവും വൃത്തിയും ഉറപ്പുവരുത്തുക, ഭക്ഷണത്തിന്റെ വിലവിവരപ്പട്ടിക വെർച്വൽ ക്യൂ പ്ലാറ്റ്ഫോമിൽ നൽകാനാവുമോ എന്നറിയിക്കുക, നീലിമല -ശരംകുത്തി പാതയിൽ ആവശ്യമായ മാലിന്യശേഖരണ സാമഗ്രികൾ സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.