'സൗഹൃദത്തിൽ മതം കലർത്തരുത്​; ഡാൻസിൽ പങ്കാളികളുടെ മതം പ്രശ്നമല്ല' -കെ.പി. ശശികല; വരികൾക്കിടയിൽ വിദ്വേഷ പ്രചാരണവും

തൃശൂർ: മെഡിക്കൽ വിദ്യാർഥികളുടെ വൈറൽ ഡാൻസിനെതിരെ സംഘ്​പരിവാർ അനുകൂലികൾ നടത്തിയ മതവിദ്വേഷ പ്രചാരണം വ്യാപക എതിർപ്പിനിടയാക്കിയതോടെ 'സൗഹൃദത്തിൽ മതം കലർത്തരുതെന്ന' ഫേസ്​ബുക്​ പോസ്റ്റുമായി ഹിന്ദു ഐക്യ​േവദി നേതാവ്​ കെ.പി ശശികല. വെറും ഒരു ഡാൻസിലെ പങ്കാളികളുടെ ലിംഗമോ മതമോ ഒരു പ്രശ്നമല്ല എന്നും അത്രത്തോളം നമ്മടെ നാട് മാറാനോ മനസ്സ് ചുരുങ്ങാനോ പാടില്ല എന്നുമാണ്​ പോസ്റ്റിൽ പറയുന്നത്​. എന്നാൽ, ഇതേ പോസ്റ്റിൽ തന്നെ സൗഹൃദങ്ങളെ സംശയമുനയിൽ നിർത്തുന്ന വിധത്തിൽ വരികൾക്കിടയിലൂടെ വിദ്വേഷ പ്രചരണവും ശശികല നടത്തുന്നുണ്ട്​.

മാധവിക്കുട്ടിയെ അടക്കം പരോക്ഷമായി പരാമർശിക്കുന്ന കുറിപ്പിൽ, ഏതാനും പേർ മത പരിവർത്തനം നടത്തിയതിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പരിചയപ്പെടുത്തുന്നുണ്ട്​. ഇതിനുശേഷമാണ്​ സൗഹൃദത്തിൽ മതം കലർത്തരുതെന്നും ജാനകിക്കുട്ടി എന്നും ജാനകിക്കുട്ടിയായി അടിച്ചു പൊളിക്കട്ടെ എന്നും പറയുന്നത്​.

ഡാൻസിലെ ചടുല ചലനങ്ങൾ 'സൂപ്പർ' എന്ന് അഭിനന്ദിച്ച ശശികല, ജാനകി ഒരു നല്ല ഡോക്റ്ററായും ഒരു നല്ല കലാകാരിയായും അറിയപ്പെടണമെന്നും നവീൻ റസാക്കും മിടുക്കൻ തന്നെയെന്നും പറയുന്നുണ്ട്​. 'തികച്ചും ആകർഷകമാണ് ആ ചുവടുവെപ്പുകൾ. നല്ല ഭാവിയുണ്ട്. കലയിലും വൈദ്യശാസ്ത്രത്തിലും ഒപ്പം തിളങ്ങട്ടെ' എന്നാണ്​ നവീനെ കുറിച്ച്​ പറയുന്നത്​. ഒടുവിൽ, 'ഉയർന്നു വന്ന എല്ലാ സംശയങ്ങൾക്കും സ്വയം ഉത്തരം നൽകണം' എന്നും ശശികല പറയുന്നു.

എം.ബി.ബി.എസ് വിദ്യാർഥികളായ ജാനകിക്കും നവീനുമെതിരെ സംഘ്​പരിവാർ അനുകൂലികൾ നടത്തുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ 'വെറുക്കാൻ ആണ് ഉദ്ദേശ്യമെങ്കിൽ ചെറുക്കാൻ ആണ് തീരുമാനം' എന്ന തലക്കെട്ടോടെ തൃശൂർ മെഡിക്കൽ കോളജ് യൂനിയന്‍റെ ഗ്രൂപ്പ് ഡാൻസുമായി രംഗത്തെത്തിയിരുന്നു. ഗ്രൂപ്​ ഡാൻസിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്​തിരുന്നു.

ഡാൻസ് ചെയ്ത മുഴുവൻ വിദ്യാർഥികളുടെയും പേരുകൾ പ്രസിദ്ധീകരിച്ച യൂനിയൻ, 'പേരുകളിലെ തലയും വാലും തപ്പി പോയാൽ കുറച്ചുകൂടി വക കിട്ടും, ഫേസ്ബുക്ക് പോസ്റ്റുകൾ ഇടാന്‍' എന്ന് വർഗീയവാദികളെ പരിഹസിക്കുന്നുമുണ്ട്. തൃശൂർ മെഡിക്കൽ കോളജ് ഐക്യ കോളജ് യൂണിയൻ 19-20 എന്ന പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. #stepagainsthatred എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റ്. ബോണി എം ബാൻഡിന്‍റെ 'റാ റാ റാസ്​പുടിൻ ലവർ ഓഫ്​ ദ റഷ്യൻ ക്വീൻ' എന്ന്​ തുടങ്ങുന്ന ഗാനത്തിനാണ് ഇവർ ചുവടുവെച്ചത്.

കെ.പി. ശശികലയുടെ കുറിപ്പിന്‍റെ പൂർണരൂപം:

വെറും ഒരു ഡാൻസിലെ പങ്കാളികളുടെ ലിംഗമോ മതമോ ഒരു പ്രശ്നമല്ല എന്നത് വാസ്തവമാണ്. അത്രത്തോളം നമ്മടെ നാട് മാറാനോ മനസ്സ് ചൂരുങ്ങാനോ പാടില്ല. സഹപാഠികളുടെ സൗഹൃദങ്ങൾക്കും അതിർ വരമ്പുകളിടാൻ പറ്റില്ല.

ഇനി അരുതാത്തതെന്തെങ്കിലും ഉള്ള കേസുകെട്ടുകളിലും പരസ്യ പ്രതികരണം അത്ര ആശാസ്യമല്ല. ഗുണകരവുമല്ല.

മുസ്ലീങ്ങൾക്കൊപ്പം പഠിച്ച് അവർക്കിടയിൽ ജീവിച്ച് അവരെ പഠിപ്പിച്ച് ജീവിച്ച എനിക്ക് സൗഹൃദങ്ങൾ വിലക്കപ്പെടേണ്ട മതമാണ് ഇസ്ലാം എന്നും അഭിപ്രായമില്ല.

എന്‍റെ സഹപാഠികളോ സഹപ്രവർത്തകരോ അയൽക്കാരോ ആയ മുസലിംകൾ ഒരിക്കലും എന്‍റെ വിശ്വാസം തെറ്റെന്ന് എന്നോടു പറഞ്ഞിട്ടില്ല. ഞാൻ നരകത്തിൽ പോകുമെന്ന് ശപിച്ചിട്ടില്ല. ഇസ്ലാം മാത്രമാണ് ശരിയെന്ന് സ്ഥാപിക്കാൻ ശ്രമിച്ചിട്ടുമില്ല.

എന്നാൽ, സമീപകാലത്തെ ചിലരുടെ സംഘടിത ശ്രമങ്ങളെ അത്ര നിഷ്കളങ്കമായി തള്ളിക്കളയാനും കഴിയുന്നില്ല.

രാഷ്ട്രീയ നേതാവും വാഗ്മിയും മതപണ്ഡിതനുമായ ഒരു വ്യക്തിയുമായിച്ചേർന്ന് ഒരു നോവൽ എഴുതി പൂർത്തിയാക്കുമ്പോഴേക്കും മലയാള തറവാട്ടു മുറ്റത്തെ നീർമാതളം ' പർദ്ദയ്കള്ളിലായിക്കഴിഞ്ഞിരുന്നു.

ഖുറാൻ വര മത്സരത്തിൽ പങ്കെടുത്ത് സമ്മാനം വാങ്ങിയ കോഴിക്കോട്ടുകാരിയായ ചിത്രകാരിയും ആറുമാസം കഴിയും മുൻപ് കലിമ' ചൊല്ലിയിരുന്നു.

വൈക്കത്തപ്പന് കാണിക്കയിട്ട് പഠിക്കാൻ വണ്ടികയറിയ ഹോമിയോ വിദ്യാർത്ഥിനി ഒതുക്കത്തോടെ' ഒതുക്കുങ്ങലിൽ ഒതുക്കപ്പെട്ടത് റൂം മേറ്റ്സിന്റെ കഴിവിലായിരുന്നു.

വർഷങ്ങളായി അന്നം വെച്ചു തരുന്ന പാചകക്കാരനെ ഇസ്ലാമിന്‍റെ മഹത്വം മനസ്സിലാക്കി കൊടുക്കാൻ കഴിയാത്തവരെ കുറ്റപ്പെടുത്തിയ മതപണ്ഡിതന്‍റെ ഗീർവാണവും നമ്മൾ കേട്ടതാണല്ലോ. അതുകൊണ്ട് സൗഹൃദങ്ങളിൽ മതം കാണരുത്. ഒപ്പം സൗഹൃദങ്ങളിൽ മതം കയറ്റുകയുമരുത്.

ജാനകിക്കുട്ടി എന്നും ജാനകിക്കുട്ടിയായി അടിച്ചു പൊളിക്കട്ടെ.

മോളുടെ ചടുല ചലനങ്ങൾ super എന്ന് പറയാതിരിക്കാൻ വയ്യ - മാതാപിതാക്കളുടെ അഭിമാനമായി ഒരു നല്ല ഡോക്റ്ററായും ഒരു നല്ല കലാകാരിയായും അറിയപ്പെടണം.

നവീൻ റസാക്കും മിടുക്കൻ തന്നെ.

തികച്ചും ആകർഷകമാണ് ആ ചുവടുവെപ്പുകൾ. നല്ല ഭാവിയുണ്ട്. കലയിലും വൈദ്യശാസ്ത്രത്തിലും ഒപ്പം തിളങ്ങട്ടെ. അങ്ങനെ ഉയർന്ന വന്ന എല്ലാ സംശയങ്ങൾക്കും സ്വയം ഉത്തരം നൽകണം.

Tags:    
News Summary - Do not mix religion with friendship; religion of dance participants does not matter-KP Sasikala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.