മറക്കാനാവില്ല, ജീവിതത്തിലേക്ക്​ ചുവടുവെച്ച അഭിനന്ദനയുടെ പുഞ്ചിരി

ഇന്ന്​ ഡോ്​ക​​ടേഴ്​സ്​ ദിനം. സീനിയർ കൺസൾട്ടന്‍റും സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജിസ്റ്റുമായ ഡോ. എം.എസ് പീതാംബരന്‍റെ അനുഭവക്കുറിപ്പ്​


വീണ്ടും ഒരു ഓണക്കാലം കൂടി പടിവാതി​ലിലെത്തു​േമ്പാൾ രണ്ട്​ വർഷംമുമ്പ്​ ഓണദിനങ്ങളിൽ മരണത്തുമ്പിൽ നിന്ന്​ തിരിച്ചുനടന്ന ആറുവയസ്സുകാരി അഭിനന്ദനയെക്കുറിച്ച്​ ഓർക്കാതിരിക്കാനാവില്ല.ദേഹത്തിലൂടെ പാഞ്ഞുകയറിയ ആ വാനി​െൻറ ചക്രത്തിനടിയിൽപ്പെട്ട്​ പുളഞ്ഞ അവളെ ആഴ്​ചകൾ നീണ്ട അശ്രാന്ത പരിശ്രമത്തിലൊടുവിലാണ്​ ജീവിതത്തിലേക്ക്​ മടക്കിക്കൊണ്ടുവന്നത്​.മേലാർകോട് കവലോട് ലക്ഷ്മണന്‍റെ മകളും ചിറ്റിലഞ്ചേരി പികെഎംഎ യുപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായിരുന്നു അവൾ. 

ഒരുപാടു ഡോക്ടർമാരുടെയും നഴ്സ്മാരുടെയും ഉറക്കമില്ലാത്ത പരിചരണത്തോടൊപ്പം ഒരു നാടിൻറെ മുഴുവൻ പ്രാർത്ഥനയും സഫലമായ ദിനങ്ങൾക്കൊടുവിൽ അവൾ എന്നെ നോക്കി പുഞ്ചിരിച്ച്​ ആശുപത്രി വിട്ടു. ഡോക്​ടറെന്ന നിലയിൽ ആ പുഞ്ചിരി ജീവിതത്തിൽ സമ്മാനിച്ച ആത്​മനനിർവൃതി പറഞ്ഞറിയിക്കാനാവില്ല.

2019 സെപ്റ്റംബർ മാസം നല്ലൊരു ഓണക്കാലത്തെ വരവേൽക്കാനായി തയ്യാറായികൊണ്ടിരിക്കുന്ന സമയത്തായിരുന്നു അവൾക്ക്​ അപകടം ഉണ്ടായത്​. സെപ്റ്റംബർ ആറിന് രാവിലെ ഒമ്പതുമണിയോടെ സ്കൂളിലേക്ക് പോകുംവഴിയാണ് അഭിനന്ദനയെ തൃശ്ശൂരിൽ നിന്നും പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന ഒരു വാൻ ഇടിച്ചത്. കുട്ടി ബസിൽ കയറിയപ്പോൾ രണ്ടാം ക്ലാസുകാർക്ക് ഇന്ന് ക്ലാസ്സില്ലെന്ന് പറഞ്ഞതോടെ ബസ്സിൽ നിന്ന് ഇറങ്ങി അച്ഛന്റെ അടുത്തേക്ക് പോകുന്നതിനിടയിലാണ് അഭിനന്ദനയെ വാൻ ഇടിക്കുകയും വയറിലൂടെ വാൻ കയറിയിറങ്ങുകയും ചെയ്തത്. കുട്ടിയുടെ ആന്തരികാവയവങ്ങൾക്ക്​ ക്ഷതം സംഭവിച്ച്​ അതീവ ഗുരുതരാവസ്ഥയിലായിരുന്നു നെമ്മാറ അവൈറ്റിസ് ആശുപത്രിയിലെത്തിച്ചത്. നെഞ്ചിൻകൂടിനെയും വയറിനെയും വേർതിരിക്കുന്ന പാളിയായ ഡയഫ്രം തകർന്ന് കുടലും മറ്റു അവയവങ്ങളെല്ലാം തന്നെ നെഞ്ചി​െൻറ ഇടതുഭാഗത്തേക്ക് നീങ്ങിയിരുന്നു.

എന്നെക്കൂടാതെ, അനസ്തേഷ്യോളജിസ്റ്റുകളായ മറ്റു ഡോക്ടർമാരുടെയും നേതൃത്വത്തിൽ അഭിനന്ദനയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പ്ലീഹ അഥവാ സ്പ്ലീൻ, കരൾ, വൃക്കകൾ, പാൻക്രിയാസ് തുടങ്ങിയ പ്രധാന അവയവങ്ങളെല്ലാം മുറിയുകയും ഇടുപ്പെല്ല് പൊട്ടുകയും ചെയ്തിരുന്നു. ആന്തരിക രക്തസ്രാവം മൂലം ഹീമോഗ്ലോബിൻ കുറഞ്ഞ്​ നാലിൽ എത്തിയത്​ ശസ്ത്രക്രിയയുടെ മറ്റൊരു വെല്ലുവിളി കൂടി ആയിരുന്നു. ആന്തരികാവയവങ്ങൾക്ക്​ ഗുരുതര ക്ഷതം സംഭവിച്ചതിനാൽ എമർജൻസി മെഡിസിൻ, റേഡിയോളജി, ഇന്റെൻസീവ് കെയർ യൂണിറ്റ്, അനസ്തേഷ്യോളജി, ഓർത്തോപീഡിക്സ്, കാർഡിയോളജി, നെഫ്രോളജി, പൾമണോളജി, പീഡിയാട്രിക് തുടങ്ങി എല്ലാ പ്രധാന വിഭാഗങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ചികിത്സകൾ ആയിരുന്നു നടത്തിയത്.

കുഞ്ഞു അഭിനന്ദന അച്ഛനും അമ്മയ്ക്കും ഒപ്പം ഓണം ആഘോഷിക്കണം എന്നുള്ളതായിരുന്നു ഞാനുൾപ്പെടെയുള്ള ഡോക്ടർമാരുടെ ആഗ്രഹം. ശസ്ത്രക്രിയയ്ക്കുശേഷം മൂന്നുദിവസം വെന്റിലേറ്ററിൽ ആയിരുന്ന അഭിനന്ദന കൃത്യം ഓണത്തിന് തലേന്ന് മുതൽ ആരോഗ്യനില വീണ്ടെടുക്കുകയും സംസാരിക്കുവാനും ഭക്ഷണം കഴിക്കുവാനും തുടങ്ങി. തുടർന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റുകയും സെപ്റ്റംബർ 14 ന് കുട്ടി ആശുപത്രി വിട്ടു.

സാധാരണ ഇത്തരം അപകടങ്ങളിൽ രോഗി രക്ഷപ്പെടാറുള്ളത് അപൂർവമാണ്. ജീവൻ പൊലിഞ്ഞു പോയേക്കാവുന്ന സാഹചര്യത്തിൽ നിന്ന് മരണത്തെ മുഖാമുഖം കണ്ട് അഭിനന്ദന ജീവിതത്തിലേക്ക് തിരിച്ചുവരുകയായിരുന്നു. സാങ്കേതികവിദ്യക്കും മറ്റ്​ വിദഗ്ധ ഡോക്ടർമാരുടെ സേവനവും ആശുപത്രി ജീവനക്കാരുടെ ആത്​മാർഥ പരിചരണവും ഒത്തുവന്നതോടെയാണ്​ ദൈവം സ്വന്തം കൈയൊപ്പ്​ ചാർത്തി അവളെ ജീവിതത്തിലേക്ക്​ പറഞ്ഞയച്ചത്​.

എന്റെ ആതുരശുശ്രൂഷ അനുഭവത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു അധ്യായമാണ് അഭിനന്ദനയുടേത്. നഷ്ടപ്പെട്ടുവെന്നു കരുതിയ മകളുടെ ജീവൻ തിരിച്ചു കിട്ടിയ ലക്ഷ്മണൻ എന്ന അച്ഛ​നേപ്പോലുള്ളവരുടെ ആനന്ദാശ്രുക്കളാണ്​ ആതുര ശുശ്രൂഷ ജീവിതത്തിലെ വിലപ്പെട്ട മുത്തുകൾ.



 (നെമ്മാറ- അവൈറ്റിസ് ഹോസ്പിറ്റലിലെ ഡോ്​കടറാണ്​ ലേഖകൻ)

Tags:    
News Summary - doctor's experience on Doctor's Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.