തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ വന്ദനാ ദാസിനെ പരിശോധനക്കിടെ പ്രതി കുത്തിക്കൊന്ന സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത് വലിയ വീഴ്ചയെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്‍റ് ടി.എൻ. സുരേഷ്. കേരളത്തിലെ പല ആശുപത്രികളിലും ഇത്തരത്തിലുള്ള ആക്രമണങ്ങൾ തുടര്‍ക്കഥയാവുകയാണ്. ആശുപത്രി സംരക്ഷണ നിയമം പൊളിച്ചെഴുതണം. സാംസ്കാരിക കേരളം ലജ്ജിച്ചു തലതാഴ്ത്തേണ്ട അവസ്ഥയാണ്. ആരോഗ്യ പ്രവർത്തകരെ ദൈവമായി കാണേണ്ട. കേവലം മനുഷ്യനായി കാണുക. മെഡിക്കൽ കരിക്കുലത്തിൽ അക്രമം എങ്ങനെ തടയാം എന്നുള്ളതല്ല തങ്ങൾ പഠിക്കുന്നതെന്നും കെ.ജി.എം.ഒ.എ പ്രതികരിച്ചു.
സംഭവിച്ചതിന് ഉത്തരവാദി പൊലീസാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) പ്രതികരിച്ചു. നിയമ ലംഘനം ഇല്ലാതിരിക്കാനാണ് സര്‍ക്കാര്‍ നോക്കേണ്ടത്. പൊലീസിന് പരാജയം സംഭവിച്ചെന്നും ഐ.എം.എ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം തുടരുകയാണ്. എല്ലാ ആശുപത്രികളിലും പ്രവർത്തിക്കുന്നത് അവശ്യ സർവീസുകൾ മാത്രമാണ്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. ആരോഗ്യ പ്രവർത്തകർക്കെതിരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഡോക്ടേഴ്സ് അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി. ഡോക്ടർമാരുടെ സമരത്തിന് കേരള ഹെൽത്ത് സർവീസ് മിനിസ്റ്റിരിയൽ സ്റ്റാഫ് അസോസിയേഷൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം.
പൊലീസ് പരിശോനയ്ക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപാണ് ഡോക്ടറെ കുത്തിയത്. പൊലീസുകാർ ഉൾപ്പെടെ നാലു പേർക്കും ആക്രമണത്തിൽ പരിക്കേറ്റു. ലഹരിക്ക് അടിമയായ സന്ദീപുമായി പുലർച്ചെ നാലു മണിനാണ് പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത്. വീട്ടിലുണ്ടായ പ്രശ്നത്തെ തുടർന്ന് സന്ദീപിന്റെ കാലിന് പരിക്കേറ്റിരുന്നു. ഇത് പരിശോധിക്കുന്നതിനിടെയാണ് വന്ദനയെ സന്ദീപ് കുത്തിയത്.
ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന ശസ്ത്രക്രിയാ ഉപകരണമെടുത്താണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഡോക്ടറുടെ മുതുകിൽ ആറു തവണ കുത്തേറ്റു. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്ക് കയറി. വീണുപോയ ഡോക്ടറുടെ മുതുകിൽ കയറിയിരുന്നും സന്ദീപ് ക്രൂരമായി കുത്തി.
ഉടൻ തന്നെ വന്ദനയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കിംസ്ഹെൽത്തിലേക്ക് എത്തിച്ചെങ്കിലും രാവിലെ 8.25ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കോട്ടയം മുട്ടുചിറ സ്വദേശിനിയാണ് കൊല്ലപ്പെട്ട ഡോകർ വന്ദന. കൊല്ലം അസീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിയായിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.