കണ്ണൂർ: സി.പി.എം സ്ഥാനാർഥി പട്ടിക ഒരുങ്ങുേമ്പാൾ എല്ലാവരും ഉറ്റുനോക്കുന്ന പേരുകളിലൊന്ന് പി. ജയരാജേൻറതാണ്. കണ്ണൂർ ലോബിയിലെ ഒറ്റയാന് സീറ്റ് നൽകുമോ? അതോ പാർട്ടിയിൽ കൂടുതൽ ഒതുക്കപ്പെടുമോ? അണികളിലും പുറത്തും ഇക്കാര്യം ഒരുപോലെ ചർച്ചയാണ്. പി. ജയരാജനെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്.
കണ്ണൂർ ജില്ല സെക്രട്ടറി സ്ഥാനം നഷ്ടമായതോടെ സംഘടന രംഗത്ത് കാര്യമായ ചുമതലയില്ലാത്ത അദ്ദേഹത്തിന് തിരിച്ചുവരവിനുള്ള വഴി പാർലമെൻററി രംഗത്തേക്ക് കടക്കുക എന്നതാണ്.
ഇക്കാര്യത്തിൽ പാർട്ടി കനിയുമോയെന്നത് കണ്ടറിയണം. കാരണം, പാർട്ടിക്കും മീതെ വളരാൻ ശ്രമിക്കുന്നുവെന്ന 'സ്വയം പുകഴ്ത്തൽ' വിവാദത്തിെൻറ പേരിൽ നേതൃത്വത്തിന് അനഭിമതനാണ് അദ്ദേഹം. വടകരയിൽ സ്ഥാനാർഥിയായതിനെ തുടർന്നാണ് പി. ജയരാജെന കണ്ണൂർ ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്.
ലോക്സഭയിലേക്ക് മത്സരിച്ച കോട്ടയം ജില്ല സെക്രട്ടറി വി.എൻ. വാസവൻ തെരഞ്ഞെടുപ്പിനുശേഷം ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവന്നു.
എന്നാൽ, പി. ജയരാജന് അത്തരം പരിഗണന ലഭിച്ചില്ല. വടകരയിൽ മത്സരിപ്പിച്ചത് ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാനാണെന്ന ആക്ഷേപവും ശക്തമാണ്. പാർട്ടി അണികളിൽ സ്വാധീനമുള്ള പി. ജയരാജനെ കണ്ണൂരിലെ സുരക്ഷിത മണ്ഡലങ്ങളിലൊന്നിൽ മത്സരിപ്പിക്കണമെന്ന് സമൂഹ മാധ്യമങ്ങളിൽ നേരത്തേ മുറവിളി തുടങ്ങിയിട്ടുണ്ട്.
അതേസമയം, േലാക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റവരെ നിയമസഭയിലേക്ക് മത്സരിപ്പിക്കേണ്ടെന്ന ധാരണ പാർട്ടി സംസ്ഥാന െസക്രേട്ടറിയറ്റ് കൈക്കൊണ്ടിട്ടുണ്ട്. പ്രത്യേക ഇളവ് ലഭിച്ചെങ്കിൽ മാത്രമേ പി. ജയരാജൻ ഉൾപ്പെടെയുള്ളവർക്ക് ടിക്കറ്റ് പ്രതീക്ഷക്ക് വകയുള്ളൂ.
'98 മുതൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായ പി. ജയരാജനുശേഷം വന്നവർ പലരും സംസ്ഥാന സെക്രേട്ടറിയറ്റിലേക്ക് ഉയർന്നു. 2001ലും 2005ലും കൂത്തുപറമ്പിൽനിന്ന് ജയിച്ച് നിയമസഭയിലെത്തിയ അദ്ദേഹത്തിന് മൂന്നാമൂഴം ലഭിക്കുമോയെന്നറിയാൻ അൽപംകൂടി കാത്തിരിക്കണം. അതേസമയം, തെൻറ സ്ഥാനാർഥിത്വത്തെക്കുറിച്ച് ചർച്ച മുറുകുേമ്പാഴും ഇതേക്കുറിച്ച് പ്രതികരിക്കാൻ പി. ജയരാജൻ തയാറല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.