ഷൊർണൂർ: ബി.എഡിന് പഠിക്കുന്ന മകൾക്ക് ലാപ്ടോപ് വാങ്ങി നൽകാൻ കഴിയാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യാനെത്തിയ പിതാവിനെ ഷൊർണൂർ റെയിൽവേ പൊലീസിന്റെയും റെയിൽവേ സംരക്ഷണ സേനയുടെയും സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി.
ലാപ്ടോപും വാങ്ങിനൽകി. വ്യാഴാഴ്ച പുലർച്ചെ ഷൊർണൂർ റെയിൽവേ പൊലീസിന് ഒരു യുവതിയുടെ വിഡിയോ സന്ദേശം കാസർകോട് പൊലീസിൽനിന്ന് ലഭിച്ചതോടെയാണ് സംഭവം തുടങ്ങുന്നത്. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിറങ്ങിയ പിതാവിനെ കണ്ടെത്തി രക്ഷിക്കണമെന്ന് അപേക്ഷിച്ചായിരുന്നു ആ സന്ദേശം.
പിതാവിന്റെ മൊബൈൽ ഫോൺ ഷൊർണൂർ ടവറിന് കീഴിലുണ്ടെന്ന കണ്ടെത്തലിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. വൈകാതെത്തന്നെ, ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ഏഴാം നമ്പർ പ്ലാറ്റ്ഫോമിൽനിന്ന് വയോധികനെ കണ്ടെത്തി. ചോദ്യംചെയ്യലിൽ വിഡിയോ സന്ദേശമയച്ച യുവതിയുടെ പിതാവാണെന്ന് സ്ഥിരീകരിച്ചു.
ബി.എഡിന് പഠിക്കുന്ന മകൾക്ക് ലാപ്ടോപ് വാങ്ങി നൽകാൻ കഴിയാത്ത മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്യാൻ ഷൊർണൂരിലെത്തിയതെന്ന് കാസർകോട്ട് നിന്നെത്തിയ ഇയാൾ വ്യക്തമാക്കി. പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന തനിക്ക് 500 രൂപയാണ് കൂലിയെന്നും, ഇത് വീട്ടുചെലവിനുപോലും തികയില്ലെന്നും പറഞ്ഞു.
തുടർന്നാണ് പൊലീസും സുമനസ്സുകളായ ചിലരും പിരിവെടുത്ത് 40,000 രൂപയുടെ ലാപ്ടോപ് വാങ്ങി നൽകിയത്. വയോധികൻ ഷൊർണൂരിലുണ്ടെന്നറിഞ്ഞ് ബന്ധുക്കളുമെത്തിയിരുന്നു. ഇവരുടെ സാന്നിധ്യത്തിൽ ലാപ്ടോപ് കൈമാറുകയും, വയോധികനെ ഇവരോടൊപ്പം അയക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.