തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കുരുക്കുമുറുക്കി കസ്റ്റംസ്. കേസുമായി ബന്ധപ്പെട്ട് ശ്രീരാമകൃഷ്ണനെ ചോദ്യംചെയ്ത കസ്റ്റംസ് സംഘം പണം കൈമാറിയെന്ന് പറയുന്ന ഫ്ലാറ്റിൽ രണ്ട് മണിക്കൂറോളം പരിശോധന നടത്തി. ശ്രീരാമകൃഷ്ണനെതിരായ നിർണായക വിവരങ്ങൾ ഇതിനോടകം ലഭിച്ചെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നത്. സ്പീക്കറുടെ സഹോദരെൻറ പേരിലുള്ള പേട്ട മരുതം റോയൽ വിങ്സിലെ ഡി 3 ഫ്ലാറ്റിൽ ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. രണ്ട് വാഹനങ്ങളിലായി എത്തിയ കസ്റ്റംസ് സംഘം രണ്ട് മണിക്കൂറോളം പരിശോധന നടത്തി. അതിന് ശേഷം സ്പീക്കറെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് കസ്റ്റംസ്.
സ്പീക്കറുടെ വിദേശത്തുള്ള സഹോദരെൻറ ഫ്ലാറ്റിൽ െവച്ച് ഡോളർ കൈമാറിയെന്നായിരുന്നു സ്വപ്ന കസ്റ്റംസിന് നല്കിയ മൊഴി. യു.എ.ഇ കോൺസുലേറ്റ് വഴി കഴിഞ്ഞ ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 30 കി.ഗ്രാം സ്വർണം കടത്തിയ സംഭവം വെളിയിൽവന്നപ്പോൾ തന്നെ സ്പീക്കറുടെ ബന്ധം വിവാദമായിരുന്നു.
കേസിലെ പ്രതിയായ സന്ദീപ് നായരുടെ സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ സ്പീക്കർ എത്തിയതും മറ്റൊരു പ്രതിയായ സ്വപ്ന സുരേഷുമായി അടുത്ത ബന്ധമാണുള്ളതെന്നതിന് തെളിവും പുറത്തുവന്നു. അതിനുപിന്നാലെയാണ് യു.എ.ഇ കോണ്‍സല്‍ ജനറല്‍ വഴി സ്പീക്കർ വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നും ഗള്‍ഫില്‍ നിക്ഷേപം നടത്തിയെന്നും ആരോപണമുയർന്നത്.
സ്പീക്കർക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ നീക്കമാണ് നടത്തുന്നതെന്ന് പ്രതിരോധിച്ചിരുന്ന സർക്കാറിനും സി.പി.എമ്മിനും കസ്റ്റംസ് നീക്കം തിരിച്ചടിയായി. ഇനിയുള്ള കസ്റ്റംസ് നീക്കം സ്പീക്കർക്കും പാർട്ടിക്കും നിർണായകമാണ്. പണം കടത്തിയതിന് മാത്രമല്ല വിദേശത്ത് സ്ഥാപനം നടത്തിയതിനും നിരവധി വിദേശയാത്ര നടത്തിയതിനും ശ്രീരാമകൃഷ്ണനെതിരെ തെളിവുണ്ടെന്നാണ് കസ്റ്റംസിെൻറ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.