കൊച്ചി: അഞ്ചുപേരുടെ മരണത്തിനിടയാക്കിയ കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. 10 ദിവസത്തെ കസ്റ്റഡിയിലെ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുംശേഷം കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചത്.
പ്രതി ഒറ്റക്കാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനഫലം വന്ന ശേഷമാവും കുറ്റപത്രം സമർപ്പിക്കുന്നതിലേക്ക് അന്വേഷണസംഘം നീങ്ങുക. പ്രതിക്കെതിരെ യു.എ.പി.എ ചുമത്തിയതിനാൽ അന്വേഷണം പൂർത്തിയാക്കാൻ 180 ദിവസംവരെ സമയം ലഭിക്കും. കസ്റ്റഡി കാലയളവിൽ ഇയാളെ സ്ഫോടന സാമഗ്രികൾ വാങ്ങിയ സ്ഥലങ്ങളിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
മുഴുവൻ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയപ്പോൾ നിയമസഹായം ആവശ്യമില്ലെന്ന് പ്രതി വീണ്ടും ആവർത്തിച്ചു. കൊലപാതകം, വധശ്രമം, ജീവഹാനിക്കും ഗുരുതര പരിക്കുകൾക്കും കാരണമായേക്കാവുന്ന സ്ഫോടനം, ജീവഹാനിക്ക് കാരണമാകുന്ന ഭീകരപ്രവർത്തനം (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം -യു.എ.പി.എ) തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ യോഗത്തിലാണ് ഇയാൾ സ്ഫോടനം നടത്തിയത്. സംഭവദിവസം ഒരാളും പിന്നീട് നാലുപേരും കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ പതിനേഴോളം പേർ ഇപ്പോഴും ചികിത്സയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.