ഡൽഹിയിൽ മൻമോഹൻ സിങ്ങാണെന്ന് കരുതി പിത്തലാട്ടം കാണിക്കരുത്; പിണറായിയോട് കെ. സുരേന്ദ്രൻ

കോട്ടയം: മന്‍മോഹന്‍സിങാണ് ഡല്‍ഹിയിലുള്ളതെന്ന് കരുതി പിത്തലാട്ടം കാണിക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിരട്ടലും ഭീഷണിയും മോദി സര്‍ക്കാരിന് മുന്നില്‍ വിലപോവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്ന് പറഞ്ഞ പിണറായി വിജയന്‍ സത്യത്തോട് അടുക്കുമ്പോള്‍ പരിഭ്രാന്തനായി സമനില തെറ്റി അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ലൈഫ്മിഷനില്‍ ഒന്നും മറച്ചുവെക്കാനില്ലെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. അന്വേഷണ ഏജന്‍സികള്‍ക്ക് നേരെ ഭീഷണിമുഴക്കുകയാണിപ്പോള്‍. മുഖ്യമന്ത്രിയും ശിവശങ്കറും ചേര്‍ന്നാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ ഇടപാടുകളെല്ലാം നടത്തിയത്. കള്ളപ്പണ ഇടപാട് നടന്നിരിക്കുന്നുവെന്ന് വിജിലന്‍സ് പോലും സ്ഥിരീകരിച്ചെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കസ്റ്റംസില്‍ പാര്‍ട്ടി ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷണം ആരംഭിച്ചത് മുതല്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം നടത്തുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ഫയലുകള്‍ വിളിച്ച് ചോദിക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണെന്നാണ് മുഖ്യന്ത്രി പറയുന്നത്. ഫയലുകള്‍ തരില്ലെന്ന് പറയുന്നത് ജനാധിപത്യത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടപ്പോഴാണ് ഭീഷണിയുമായി രംഗത്തെത്തിയതെന്നും സുരേന്ദ്രൻ ആരോപിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.