ഐ.പി.എസുകാരെ തൊട്ടുകളിക്കേണ്ട; ഡി.ജി.പി സർക്കുലറിൽ പ്രതിഷേധം ശക്തം

തിരുവനന്തപുരം: ഗുണ്ട-മണൽമാഫിയ ബന്ധത്തിന്‍റെ പേരിൽ പൊലീസിൽ ശുദ്ധികലശം തുടരവേ ഐ.പി.എസുകാരുടെ ‘വഴിവിട്ട ബന്ധങ്ങളിൽ’ അന്വേഷണമോ വിവര ശേഖരണമോ വേണ്ടെന്ന് പൊലീസ് ആസ്ഥാനത്തുനിന്നു നിർദേശം. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെക്കുറിച്ച വിവരശേഖരണം സിവില്‍ പൊലീസ് ഓഫിസര്‍ മുതല്‍ ഡിവൈ.എസ്.പി വരെ മതിയെന്ന് പൊലീസ് മേധാവിയുടെ സർക്കുലറിൽ പറയുന്നു. ഡി.ജി.പി അനിൽകാന്തിന്‍റെ സർക്കുലറിനെതിരെ സേനയിൽ അതൃപ്തി ശക്തമാണ്.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി പിൻവലിപ്പിക്കാൻ ഇടനിലക്കാർ വഴി ശ്രമിച്ചതിന്‍റെ പേരിൽ വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിനിർത്തപ്പെട്ട എം.ആർ. അജിത് കുമാറാണ് നിലവിൽ ക്രമസമാധാന എ.ഡി.ജി.പി. ഇടനിലക്കാരനായി സ്വപ്നയെ സമീപിച്ച ഷാജ് കിരണുമായി അജിത് കുമാർ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നെന്ന ഇന്‍റലിജൻസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അജിത്തിനെ ഒഴിവാക്കിയത്. അന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് സ്വപ്ന ഉന്നയിച്ചത്. അപ്പോഴും പ്രതിപക്ഷത്തിന്‍റെ വായടപ്പിക്കാൻ സ്ഥലംമാറ്റമടക്കമുള്ള നടപടികൾ സ്വീകരിച്ചതല്ലാതെ ഇവരുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചോ അനധികൃത ബന്ധങ്ങളെക്കുറിച്ചോ അന്വേഷിച്ചില്ല.

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സൺ മാവുങ്കലിന്‍റെ സൗഹൃദപ്പട്ടികയിൽ മുൻ സംസ്ഥാന പൊലീസ് മേധാവി മുതൽ ഐ.ജി വരെ ഉണ്ടായിരുന്നു. മോൻസണുമായി വഴിവിട്ട ബന്ധം പുലർത്തിയതിന്‍റെ പേരിൽ ഐ.ജി ലക്ഷ്മണ ഇപ്പോഴും സസ്പെൻഷനിലാണ്. മോൻസൺ കേസിലെ പൊലീസിലെ ഉന്നതബന്ധം തിരിച്ചറിഞ്ഞ ഹൈകോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ കൈക്കൂലി കേസും വിജിലൻസ് അന്വേഷണത്തിലാണ്. ട്രാന്‍സ്പോര്‍ട്ട് കമീഷണറായിരിക്കെ പാലക്കാട് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസറായിരുന്ന ശരവണനില്‍നിന്ന് ലക്ഷം രൂപ എന്ന ക്രമത്തില്‍ ഒമ്പതു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണു കേസ്.

ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി ചുളുവിലയ്ക്ക് സ്വര്‍ണം കൈക്കലാക്കിയ സംഭവത്തില്‍ മുൻ ജയിൽ മേധാവിയും ഡി.ജി.പിയുമായിരുന്ന സുദേഷ് കുമാറിനെതിരെ കേസെടുക്കാന്‍ ശിപാര്‍ശ നൽകിയത് ഈ സർക്കാറിന്‍റെ കാലത്താണ്. ഇത്തരം സംഭവങ്ങൾ മുന്നിലുണ്ടായിട്ടും എസ്.പി മുതൽ മുകളിലേക്ക് അന്വേഷണവും പരിശോധനയും വേണ്ടെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്നുള്ള നിർദേശം.

അതേസമയം എസ്.പിമാര്‍ മുതലുള്ള ഐ.പി.എസുകാരുടെ ബന്ധങ്ങളും കുറ്റാരോപണങ്ങളും അന്വേഷിക്കേണ്ടത് സര്‍ക്കാര്‍ തലത്തിലായതിനാലാണ് സര്‍ക്കുലറില്‍ ഐ.പി.എസുകാരുടെ വിവരങ്ങൾ പരാമര്‍ശിക്കാത്തതെന്നാണ് ആഭ്യന്തരവകുപ്പിന്‍റെ വിശദീകരണം.

Tags:    
News Summary - Don't touch IPS officers; Protests are strong on the DGP circular

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.