മണ്ണാര്‍ക്കാട്: വീട്ടമ്മയും മധ്യവയസ്കനും തലക്കടിയേറ്റ് കൊല്ലപ്പെട്ട കേസിലെ പ്രതിക്ക് കോടതി ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. അട്ടപ്പാടി കള്ളമല ഊരിലെ നഞ്ചമുത്തന്റെ മകൾ മല്ലിക (45), കള്ളമല ഓക്കുവോട് റോഡില്‍ സുരേഷ് (47) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മല്ലികയുടെ ഭർത്താവ് താഴെ ഊരില്‍ നഞ്ചനെയാണ് (60) മണ്ണാര്‍ക്കാട് പട്ടികജാതി-വര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന് ജോണ്‍ ശിക്ഷിച്ചത്.
കേസിൽ 302 വകുപ്പ് ഒഴിവാക്കി. ഇന്ത്യന്‍ ശിക്ഷ നിയമം വകുപ്പ് 304 (ഒന്ന് ) പ്രകാരം പരമാവധി ശിക്ഷയായ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും 379 പ്രകാരം മൂന്നുകൊല്ലം തടവിനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കാനും സുരേഷില്‍നിന്ന് കവര്‍ന്ന തുക കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവായി. പ്രതി ഇതുവരെ അനുഭവിച്ച തടവ് കാലം ശിക്ഷയിൽനിന്ന് ഇളവ് ചെയ്യും.
അട്ടപ്പാടി കള്ളമലയിൽ 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും പിന്‍ബലത്തിലാണ് കൊലപാതകം തെളിയിക്കാനായത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ സുരേഷിന്റെ സഹായിയായി നഞ്ചന്റെ ഭാര്യ മല്ലിക ജോലിക്ക് പോയിരുന്നു.
നിര്‍മാണം നടക്കുന്ന വീടിന്റെ ടെറസില്‍ സംഭവ ദിവസം രാത്രി ഇരുവരും കിടന്ന് ഉറങ്ങുന്നത് കണ്ട പ്രതി മുളവടിയുപയോഗിച്ച് തലക്ക് അടിച്ച് ദാരുണമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കൊലപാതക ശേഷം സുരേഷിന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 26,000 രൂപയുമെടുത്ത് പ്രതി കടന്നുകളഞ്ഞു.
ചോരക്കറപുരണ്ട ഷര്‍ട്ടണിഞ്ഞ് രാവിലെ ചായക്കടയിലും മറ്റൊരുകടയിലും ചെന്ന ഇയാളോട് കടക്കാര് കാര്യം തിരക്കിയപ്പോള്‍ അട്ട കടിച്ചതിനാലാണ് രക്തമായതെന്നാണ് മറുപടി പറഞ്ഞത്. നഞ്ചന് നല്കിയ നോട്ടിലും രക്തക്കറ കണ്ടതോടെ പണം വാങ്ങി കവറിലാക്കി സൂക്ഷിച്ചു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റസമ്മതം നടത്തി.
നഞ്ചന്റെ നഖത്തിന്റെ സാമ്പിള്‍ ശാസ്ത്രീയ പരിശോധന നടത്തിയപ്പോള്‍ കൊല്ലപ്പെട്ടവരുടെ കഴുത്തിലെ തൊലി കണ്ടെത്തിയത് നിര്‍ണായകമായി. വസ്ത്രത്തിലെയും നോട്ടിലേയും രക്തക്കറകളും കൊല്ലപ്പെട്ടവരുടേതാണെന്ന് പരിശോധനയില്‍ വ്യക്തമായി. സ്ഥലത്തുനിന്നും കണ്ടെത്തിയ ഗ്ലാസിലെ വിരലടയാളവും പ്രതിയുടേതാണെന്ന് തെളിഞ്ഞു. കേസില്‍ 59 സാക്ഷികളെ വിസ്തരിച്ചു.
അഗളി സി.ഐയായിരുന്ന ഹിദായത്തുല്ല മാമ്പ്രയാണ് ആദ്യം കേസ് അന്വേഷിച്ചത്. തുടര്‍ന്ന് സി.ഐ സലീഷ് എന്‍. ശങ്കര്‍ കേസിന്റെ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജയന്, അഡ്വ. കെ. ദീപ എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.