തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ വിശ്രമകേന്ദ്രത്തിൽ കുടുംബശ്രീ അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കൗൺസിലറും സി.പി.എം പാർലമെന്‍ററി പാർട്ടി നേതാവുമായ ഡി.ആർ. അനിൽ തയാറാക്കിയ കത്തിന്മേലുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ ഉരുണ്ടു കളിച്ച് മേയർ ആര്യാ രാജേന്ദ്രൻ. അനിൽ സി.പി.എം ജില്ല സെക്രട്ടറിക്ക് എഴുതിയ കത്ത് അദ്ദേഹംതന്നെ നശിപ്പിച്ചെന്ന വിവരം തനിക്ക് അറിയില്ലെന്നും അദ്ദേഹത്തിന്‍റെ കത്തിന്മേലുള്ള ആരോപണങ്ങൾ പാർട്ടിയാണ് പരിശോധിക്കേണ്ടതെന്നും ആര്യാ രാജേന്ദ്രൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കത്തെഴുതിയെങ്കിലും അത് ജില്ല സെക്രട്ടറിക്ക് നൽകിയിയിരുന്നില്ലെന്ന് അദ്ദേഹംതന്നെ വ്യക്തമാക്കിയതാണ്. ജില്ല സെക്രട്ടറിക്ക് നൽകാത്ത കത്ത് വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് പരിശോധിക്കേണ്ടത് പാർട്ടിയും മുന്നണിയുമാണ്. ചട്ടലംഘനം നടത്തിയ വ്യക്തി മേയർക്ക് കീഴിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ഇരിക്കുന്നത് ശരിയാണോയെന്നും എന്തുകൊണ്ട് അനിലിനെതിരെ മേയർ നടപടിയെടുക്കുന്നില്ലെന്ന ചോദ്യങ്ങളോട് ആര്യാ രാജേന്ദ്രൻ ഒഴിഞ്ഞുമാറി. അക്കാര്യങ്ങളെക്കുറിച്ച് പാർട്ടിയും മുന്നണിയും തീരുമാനിക്കുമെന്നും ചാടിക്കയറി തീരുമാനമെടുക്കേണ്ട കാര്യമല്ലല്ലോ അതെന്നുമായിരുന്നു മേയറുടെ മറുപടി.
നശിപ്പിച്ച കത്ത് പ്രചരിപ്പിച്ചവർക്കെതിരെ എന്തുകൊണ്ട് അനിൽ പൊലീസിൽ പരാതി നൽകുന്നില്ലെന്ന ചോദ്യത്തോടും മേയർ ഒഴിഞ്ഞുമാറി. അത്തരം കാര്യങ്ങൾ അദ്ദേഹത്തോടുതന്നെ ചോദിക്കണം. തന്‍റെ പരാതിയിന്മേലുള്ള സാങ്കേതിക പരിശോധനകൾ രണ്ടാം ഘട്ടത്തിൽ മാത്രമേ ഉണ്ടാകൂ. അന്വേഷണത്തിന് ധിറുതി കൂട്ടേണ്ട കാര്യമില്ല. അന്വേഷണം എങ്ങനെ നടത്തണമെന്ന് തീരുമാനിക്കേണ്ടത് ക്രൈംബ്രാഞ്ചും വിജിലൻസുമാണ്. അന്വേഷണം നല്ലരീതിയിലാണ് പോകുന്നതെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.