കേളകം: സാഹസികതയുടെ പര്യായമായി മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയ. സംസ്ഥാനത്ത് എവിടെയെങ്കിലും കാട്ടാനയോ പുലിയോ കടുവയോ എന്തായാലും ജനജീവിതത്തിന് ഭീഷണിയാണെന്നോ അവക്ക് ചികിൽസ ആവശ്യമാണെന്നോ വനം വകുപ്പ് കണ്ടെത്തിയാൽ അത് എവിടെയായാലും മയക്കുവെടി വെക്കുന്നതിന് നിയോഗിക്കുക വൈൽഡ് ലൈഫ് വെറ്റ്നറി സർജൻ അരുൺ സക്കറിയയെയാണ്.
27 വർഷത്തെ സർവീസിനിടയിൽ 75 കാട്ടാനകളെയും 40 പുലികളെയും എട്ട് കടുവകളെയും മയക്കുവെടിവെച്ച് പിടികൂടിയ അരുണിന് ആറളത്തെ ദൗത്യം വെല്ലുവിളി നിറഞ്ഞതായി. കാട്ടാനകളിലേറെയും മയക്കുവെടിയുതിർത്തത് ചികിൽസ നൽകാനാണെങ്കിൽ പുലികളെയും കടുവകളെയും പിടികൂടിയത് ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ഒഴിവാക്കി ജനസുരക്ഷ ഒരുക്കാനായിരുന്നു.
ആറളത്ത് നാലു പേരെ വകവരുത്തിയ ചുള്ളിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടണമെന്ന വനം വകുപ്പ് ആവശ്യപ്പെട്ടപ്പോൾ അത് ഇത്ര മാത്രം സാഹസികമാവുമെന്ന് കരുതിയില്ല. രണ്ടുതവണ മയക്കുവെടി ഉതിർത്താണ് ചുള്ളിക്കൊമ്പനെ തളക്കാനായത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് ആനകൾ ഇടഞ്ഞതും മയക്കുവെടിയേറ്റ ചുള്ളിക്കൊമ്പൻ പരാക്രമം കാട്ടിയതും ഭീഷണിയായി.
ഇതിനിടെ ആറളം ഫാമിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കടപുഴകിയ മരത്തിനിടയിൽ വീണതും മറ്റൊരു വെല്ലുവിളിയായെന്ന് ഡോ. അരുൺ സക്കറിയ പറഞ്ഞു. ആറളത്ത് കൂട്ടിലടച്ച ചുള്ളിക്കൊമ്പനെ പിടികൂടുന്നതിനും ചികിൽസ നൽകി ആരോഗ്യം സംരക്ഷിക്കുകയുമാണ് അദ്ദേഹത്തിെൻറ ദൗത്യം.
ലണ്ടനിൽ നിന്ന് വൈൽഡ് ലൈഫ് മെഡിസിനിൽ ഉന്നത ബിരുദം നേടിയ അരുൺ സക്കറിയ, വനം വകുപ്പിന്‍റെ വെറ്റ്നറി സർജനായാണ് വയനാട്ടിൽ സേവനം നടത്തുന്നത്. ദൗത്യനിർവഹണത്തിനായി പരിശീലനം ലഭിച്ച വിദഗ്ധ സംഘവും അദ്ദേഹത്തിനൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.