കൊച്ചി: ഡോ. ഹാദിയയുടെ അച്ഛൻ നൽകിയ ഹേബിയസ് കോർപ്പസ്ഹരജി ഹൈകോടതി അവസാനിപ്പിച്ചു. ഹാദിയ നിയമവിരുദ്ധ തടങ്കലിൽ അല്ലെന്ന് ബോധ്യമായതിനെ തുടർന്നാണ് നടപടി. ഹാദിയ പുനർവിവാഹം ചെയ്ത് തിരുവനന്തപുരത്ത് താമസിക്കുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തന്നെ ആരും തടങ്കലിൽ പാർപ്പിച്ചത് അല്ലെന്ന ഹാദിയയുടെ മൊഴിയും കോടതിയിൽ ഹാജരാക്കിയിരുന്നു.
മതംമാറ്റവും വിവാഹവും അംഗീകരിക്കാന്‍ സുപ്രീംകോടതിവരെ നിയമപോരാട്ടം നടത്തിയ വൈക്കം സ്വദേശിനി ഹാദിയയെ കാണാനില്ലെന്ന് കാട്ടി അച്ഛന് അശോകന് നൽകിയ ഹേബിയസ് കോർപസ് ഹരജി ഹൈകോടതി ഇന്നാണ് പരിഗണിച്ചത്. ഹാദിയയെ മതംമാറ്റത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് അശോകന് 2017ല്‍ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതി എന്‍.ഐ.എവരെ അന്വേഷിച്ചിരുന്നു.
ഹാദിയ സേലത്ത് ഡി.എച്ച്.എം.എസ് കോഴ്സിന് പഠിക്കുമ്പോള്‍ സഹപാഠി മതംമാറ്റത്തിന് പ്രേരിപ്പിച്ചെന്നായിരുന്നു ആരോപണം. പിന്നീട്, കൊല്ലം സ്വദേശി ഷഫിന്‍ ജഹാനെന്നയാളുമായി വിവാഹം കഴിഞ്ഞശേഷം ഹൈകോടതിയില്‍ ഹാജരായപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന് ഹാദിയ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, മകളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കിയതാണെന്ന പിതാവിന്റെ വാദത്തെ തുടര്‍ന്ന് ഹൈകോടതി വിവാഹം റദ്ദാക്കി ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്തത് ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയാക്കി. വിവാഹം റദ്ദാക്കിയതിനെതിരെ ഭര്‍ത്താവ് ഷെഫിന് നല്കിയ ഹരജിയില്‍ ഹാദിയയെ ഷെഫിനൊപ്പം വിടാന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. ഭര്‍ത്താവുമായി ഒത്തുപോകാത്തതിനാല്‍ ഏഴുവര്‍ഷത്തിനുശേഷം ഹാദിയ വിവാഹമോചിതയാവുകയും തിരുവനന്തപുരം സ്വദേശിയെ വിവാഹം കഴിക്കുകയും ചെയ്തു.
അച്ഛൻ നൽകിയ ഹേബിയസ് കോർപ്പസ്ഹരജി ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പ്രതികരണവുമായി ഹാദിയ രംഗത്തെത്തിയിരുന്നു. ഞാൻ സുരക്ഷിതയാണെന്നും സന്തോഷത്തോടെ ജീവിക്കാൻ അനുവദിക്കണമെന്നും ഹാദിയ പ്രതികരിച്ചു. മതംമാറ്റവും തുടർന്നുള്ള നിയമപോരാട്ടങ്ങളും വിവാദങ്ങളുമൊക്കെ കടന്ന് കുടുംബ ജീവിതം നയിക്കുന്ന തന്നെ വെറുതെ വിടണം.
താനിപ്പോള്‍ പുനര്‍വിവാഹിതയായി ഭര്‍ത്താവിനൊപ്പം തിരുവനന്തപുരത്ത് കഴിയുകയാണെന്നും വിവാദങ്ങൾ സൃഷ്ടിക്കരുതെന്നും ഹാദിയ അഭ്യർഥിക്കുന്നു. ‘ ഞാൻ സുരക്ഷിതയാണ്, അച്ഛനതറിയാം. അച്ഛനെ ഇപ്പോഴും സംഘ്പരിവാർ തങ്ങളുടെ ആയുധമായി ഉപയോഗിക്കുകയാണ്. അതിന് നിന്നുകൊടുക്കുന്നെന്നത് സങ്കടകരമാണ്. അത് വ്യക്തിജീവിതത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. സൈബർ ആക്രമണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് ആലോചിക്കുന്നുണ്ട്. സുപ്രീംകോടതി എന്നെ എന്റെ സ്വാതന്ത്ര്യത്തിനു വിടുകയാണ് ചെയ്തത്. ഷെഫിൻ ജഹാനെ വിവാഹം കഴിക്കുകയും പിന്നീട് മുന്നോട്ടുപോകാൻ സാധിക്കില്ലെന്നു തോന്നിയ ഘട്ടത്തിൽ രണ്ടുപേരും തീരുമാനമെടുത്ത് വേർപിരിയുകയുമായിരുന്നു. വീണ്ടും വിവാഹിതയായി. അതിനെക്കുറിച്ച് സമൂഹം ചർച്ച ചെയ്യേണ്ട ആവശ്യമില്ല.
വേർപിരിയാനും പുനർവിവാഹം ചെയ്യാനും ഭരണഘടന അനുവദിക്കുന്നു. ഞാൻ ചെയ്യുമ്പോൾ മാത്രം എല്ലാവരും എന്തിനാണ് അസ്വസ്ഥരാകുന്നത്. ഞാൻ എവിടെയാണെന്ന് എല്ലാവർക്കുമറിയാം. ഹാദിയ എവിടെയാണെന്ന് അറിയില്ലെന്ന ഹേബിയസ് കോർപസ് ഹരജിയിൽ ഒരു വസ്തുതയുമില്ല. വിവാഹം എന്റെ തെരഞ്ഞെടുപ്പാണ്. അതിൽ വേറെ സംഘടനകളുണ്ടെന്ന് പറയുന്നതിൽ വസ്തുതയില്ല. എന്റെ സ്വകാര്യതയാണ് മാതാപിതാക്കളുടെയും മാധ്യമങ്ങളുടെയും ഇടപെടൽ കാരണം ഇല്ലാതാകുന്നതെന്നും ഹാദിയ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.