ഡോ. എം.വി. വിഷ്ണുനമ്പൂതിരി നിര്യാതനായി

പയ്യന്നൂര്‍: ഫോക്​ലോർ അക്കാദമി മുൻ ചെയർമാൻ രാമന്തളി കുന്നരുവിലെ ഡോ. എം.വി. വിഷ്ണുനമ്പൂതിരി (80) നിര്യാതനായി. അധ്യ ാപകൻ, നാടന്‍കല ഗവേഷകൻ, ഗ്രന്ഥകര്‍ത്താവ് തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്​. അസുഖത്തെ തുടർ ന്ന് ചികിത്സയിലായിരുന്നു. രാമന്തളിയിലെ കുന്നരുവില്‍ മീത്തലെ വട്ടപ്പറമ്പ് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയു ടെയും ദ്രൗപദി അന്തർജനത്തി​​െൻറയും മകനായി 1939ലാണ് ജനനം.

മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടിയശേഷം മലയാളഭാഷ അധ്യാപകനായി. പ്രൈമറി അധ്യാപകനായി ഔദ്യോഗികജീവിതം തുടങ്ങിയ വിഷ്ണുനമ്പൂതിരി ഹൈസ്കൂൾ, ഹയർസെക്കൻഡറി തലങ്ങളിലും അധ്യാപകനായി. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ കേന്ദ്രത്തിൽ മലയാളവിഭാഗം തലവനായും കണ്ണൂർ സർവകലാശാല കാഞ്ഞങ്ങാട് പി സ്മാരക കാമ്പസിൽ മലയാളം അധ്യാപകനായും സേവനമനുഷ്​ഠിച്ചിട്ടുണ്ട്​. കോഴിക്കോട്, കാലടി, കണ്ണൂർ, എം.ജി സര്‍വകലാശാലകളില്‍ ഗവേഷണ ഗൈഡ്, സര്‍വവിജ്ഞാനകോശം ഉപദേശകസമിതിയംഗം എന്നീനിലകളില്‍ ശ്രദ്ധേയപ്രവര്‍ത്തനം കാഴ്ചവെച്ചു. വലിയ ശിഷ്യസമ്പത്തിനുടമ കൂടിയായ ഇദ്ദേഹം രാമന്തളി ഗവ. ഹൈസ്‌കൂളില്‍നിന്നാണ്​ വിരമിച്ചത്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, പട്ടത്താനം അവാര്‍ഡ്, കേരള ഫോക്​ലോർ അക്കാദമിയുടെ പ്രഥമ അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, പി.കെ. കേളന്‍ പുരസ്‌കാരം, എസ്. ഗുപ്തന്‍ നായര്‍ സ്മാരക പുരസ്‌കാരം, കടത്തനാട്ട് ഉദയവര്‍മരാജ പുരസ്‌കാരം, കളമെഴുത്ത് പഠനകേന്ദ്രം പുരസ്‌കാരം, വിജ്ഞാനപീഠ പുരസ്‌കാരം, സംസ്ഥാന ജൈവവൈവിധ്യ പുരസ്‌കാരം, അബൂദബി ശക്തി അവാര്‍ഡ്, കേരള ലളിതകല അക്കാദമി പുരസ്‌കാരം, കേന്ദ്ര സാംസ്‌കാരികവകുപ്പി​​െൻറ സീനിയര്‍ ഫെലോഷിപ് തുടങ്ങിയവക്ക്​​ അര്‍ഹനായി.

കാവുകളെയും തെയ്യക്കോലങ്ങളെയും മറ്റനുഷ്ഠാന കലകളെയും പറ്റി വര്‍ഷങ്ങള്‍ നീണ്ട ഗവേഷണം നടത്തിയ ഇദ്ദേഹം മുഖദര്‍ശനം, പുള്ളുവപ്പാട്ടും നാഗാരാധനയും, മാന്ത്രികവിദ്യയും മന്ത്രവാദപ്പാട്ടുകളും, വണ്ണാനും കെന്ത്രോന്‍പാട്ടും, പുലയരുടെ പാട്ടുകൾ, കോതാമൂരി, തോറ്റംപാട്ടുകള്‍ ഒരു പഠനം, തെയ്യവും തിറയും, തെയ്യം, നാടോടിവിജ്ഞാനീയം, പൂരക്കളി, ഗവേഷണപ്രവേശിക, കേരളത്തിലെ നാടന്‍സംഗീതം, തോറ്റം, നാടന്‍പാട്ടു മഞ്ജരി, പൊട്ടനാട്ടം, വിവരണാത്മക ഫോക്​ലോര്‍ ഗ്രന്ഥസൂചി തുടങ്ങിയ 69ഒാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്​.

ഭാര്യ: സുവർണിനി അന്തർജനം. മക്കൾ: സുബ്രഹ്മണ്യൻ, ഡോ. ലളിതാംബിക, മുരളീധരൻ. മരുമക്കൾ: എം. ഗീത, എൻ.എം. അനിൽകുമാർ, കെ. ശ്രീജ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്​ വീട്ടുവളപ്പിൽ.


Tags:    
News Summary - Dr. M V Vishnu Namboothiri passed away- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.