ചെറുതുരുത്തി: ചാൻസലറായി ചുമതലയേറ്റ ശേഷം ഡോ. മല്ലിക സാരാഭായ് ആദ്യമായി കലാമണ്ഡലത്തിലെത്തി. കലാമണ്ഡലത്തിന്റെ ഉയർച്ചക്കും സാംസ്കാരിക സർവകലാശാല എന്ന നിലയിൽ ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും എല്ലാവരും ഒരുമയോടെ നിലകൊള്ളണമെന്ന് ജീവനക്കാരോട് അഭ്യർഥിച്ചു.
വരുംദിവസങ്ങളിൽ അധ്യാപകർ, ഓഫിസ് ജീവനക്കാർ, വിദ്യാർഥികൾ, കലാമണ്ഡലത്തിന്റെ അഭ്യുദയകാംക്ഷികൾ തുടങ്ങിയവരുമായി ആശയസംവാദം നടത്തും. കളരികളും ക്ലാസുകളും സന്ദർശിക്കുകയും അധ്യാപക വിദ്യാർഥികളുടെ രംഗാവതരണങ്ങൾ വീക്ഷിക്കുകയും ചെയ്യും.
മഹാകവി വള്ളത്തോളിന്റെ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം കലാമണ്ഡലം മുഖ്യ കാമ്പസിൽ എത്തിയ ചാൻസലറെ സംഗീത നാടക അക്കാദമി അംഗവും കലാമണ്ഡലം അതിഥി അധ്യാപകനുമായ കലാമണ്ഡലം പെരിങ്ങോട് ചന്ദ്രൻ നയിച്ച പഞ്ചവാദ്യത്തോടെ സ്വീകരിച്ചു. വൈസ് ചാൻസലർ പ്രഫസർ ഡോ. എം.വി. നാരായണൻ, രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ, വള്ളത്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൽ ഖാദർ, വൈസ് പ്രസിഡന്റ് പി. നിർമലാദേവി, വാർഡ് മെംബർമാരായ എം. ബിന്ദു, കെ.എസ്. ശ്രുതി, കലാമണ്ഡലം ഭരണസമിതി അംഗങ്ങളായ കെ.ബി. രാജാനന്ദ്, കെ. രവീന്ദ്രനാഥ് സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.