ഡോ. ഷഹനയുടെ ആത്മഹത്യ: പ്രതി ഡോ. റുവൈസിന്റെ പഠനം തടഞ്ഞ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: തിരുവനന്തപുരത്ത് യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ സഹപാഠി ഡോ. റുവൈസിന്​ പഠനം തടഞ്ഞ് ഹൈകോടതി ഡിവിഷൻ ബെഞ്ച്. പഠനം തുടരാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ നടപടി.

റുവൈസിന്‍റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ മെഡിക്കൽ കോളജ് നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാൻ സർക്കാർ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ചക്കകം അച്ചടക്ക നടപടി പുനഃപരിശോധിച്ച് തീരുമാനമെടുക്കാൻ കമ്മിറ്റിക്ക് ഡിവിഷൻ ബെഞ്ച് നിർദേശം നല്‍കി.

ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഡോ. റുവൈസിന്​ പഠനം തുടരാമെന്ന് ജസ്റ്റിസ്​ സി.പി. മുഹമ്മദ്​ നിയാസ് ആണ് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. പി.ജി വിദ്യാർഥിയായ റുവൈസിനെ പഠനം തുടരാൻ അനുവദിച്ചില്ലെങ്കിൽ അപരിഹാര്യമായ നഷ്ടം വരുത്തുമെന്ന്​ വിലയിരുത്തിയായിരുന്നു കോടതി ഉത്തരവിട്ടത്.

ഒരാഴ്ചക്കകം പ്രവേശനം അനുവദിക്കണം. ഇതിന്റെ പേരിലുണ്ടായേക്കാവുന്ന അനിഷ്ട സംഭവങ്ങൾ തടയാൻ കോളജ്​ അധികൃതർ മുൻകരുതലെടുക്കണം. റുവൈസിനെ സസ്​പെൻഡ്​ ചെയ്യുകയും​ പഠനം വിലക്കുകയും ചെയ്ത ആരോഗ്യ സർവകലാശാല ഉത്തരവും​ സിംഗിൾ ബെഞ്ച്​ സ്​റ്റേ ചെയ്തിരുന്നു. ജാമ്യം ലഭിച്ച റുവൈസ്​ സസ്‌പെൻഷൻ പിൻവലിച്ച് പഠനം തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്.

ഗുരുതര കുറ്റകൃത്യമാണ്​ ഇയാൾക്കെതിരെ ഉന്നയിച്ചിട്ടുള്ളതെങ്കിലും തെളിയാത്ത സാഹചര്യത്തിൽ പഠനം തുടരുന്നതിന്​ തടസ്സമാകില്ലെന്ന്​ കോടതി വ്യക്തമാക്കി. ക്ലാസിൽ മതിയായ ഹാജരില്ലെങ്കിൽ പരീക്ഷ എഴുതാൻ അനുവദിക്കാനാവില്ലെന്നായിരുന്നു സർവകലാശാലയുടെ വാദം. എന്നാൽ, കുറ്റവാളികൾക്കു പോലും ചില അടിസ്ഥാന അവകാശങ്ങളുണ്ടെന്നും അത്​ പരിഗണിക്കാതിരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഡിസംബർ നാലിനാണ് ഡോ. ഷഹന ജീവനൊടുക്കിയത്. റുവൈസുമായി നിശ്ചയിച്ചിരുന്ന വിവാഹം വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് മുടങ്ങിയതിനാൽ ഷഹന ആത്മഹത്യ ചെയ്തെന്നാണ് കേസ്. ആത്മഹത്യ പ്രേരണക്കുറ്റത്തിന്​ പുറമെ സ്ത്രീധന നിരോധനനിയമ പ്രകാരമുള്ള കുറ്റങ്ങൾ കൂടി ചുമത്തിയാണ് റുവൈസിനെതിരെ കേ​സെടുത്തിരിക്കുന്നത്.

Tags:    
News Summary - Dr Shahana Death Case: The High Court Division Bench stopped the study of Defendant Dr. Ruvais

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.