ഡോക്ടർ വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന്റെ വിടുതൽ ഹരജി തള്ളി

കൊല്ലം: ഡോക്ടർ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപ് നൽകിയ വിടുതൽ ഹരജി കൊല്ലം അഡിഷനൽ സെഷൻസ് കോടതി തള്ളി. കേസിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്. ഹരജിയിൽ കഴിഞ്ഞയാഴ്ച വാദം കേൾക്കൽ പൂർത്തിയായിരുന്നു. സന്ദീപ് മനഃപൂർവം കുറ്റം ചെയ്തിട്ടില്ലെന്നും സ്വയരക്ഷാർഥമാണ് വന്ദന ദാസിനെ ആക്രമിച്ചതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഹൈകോടതിയിൽ റിവിഷൻ ഹരജി നൽകുമെന്ന് പ്രതിഭാഗം അറിയിച്ചു. 

കഴിഞ്ഞ വർഷം മേയ് 10നായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോക്ടർ വന്ദന ദാസിനെ സന്ദീപ് കൊലപ്പെടുത്തിയത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി അപ്രതീക്ഷിതമായി വന്ദന ദാസിനെ ആക്രമിക്കുകയായിരുന്നു. കേസിന്റെ കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതിനിടെ കേസിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു. 

വ്യക്തമായ മുന്നൊരുക്കത്തോടെയാണ് പ്രതി വന്ദന ദാസിനെ ആക്രമിച്ചതെന്ന പ്രോസിക്യൂഷൻ വാദത്തെ കോടതി ശരിവച്ചു. ആശുപത്രിയിൽ എത്തിയ ശേഷം കൃത്യമായ കണക്കുകൂട്ടലോടെയാണ് പ്രതി ആയുധം കണ്ടെത്തിയതെന്നും പ്രോസിക്യൂഷൻ വാദിച്ചു. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ കേസിൽ വിചാരണ ഉൾപ്പെടെയുള്ള തുടർ നടപടികൾ വൈകാതെ ആരംഭിക്കുമെന്നാണ് സൂചന.

Tags:    
News Summary - Dr Vandana Das murder case: Court rejected accused Sandeep's release plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.