‘എല്ലാ ചതികളിലും നിങ്ങളാണ് നായകൻ’; പുറത്താക്കൽ ചോദ്യംചെയ്ത് പാർട്ടി കൺട്രോൾ കമീഷന് മുന്നിലേക്ക് പ്രമോദ് കോട്ടൂളി

കോഴിക്കോട്: പി.എസ്.സി കോഴ ആരോപണത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി സി.പി.എം സംസ്ഥാന കമ്മിറ്റിക്കും കൺട്രോൾ കമീഷനും പരാതി നൽകും. തന്നെ പുറത്താക്കിയത് ചില നേതാക്കൾ ഗൂഢാലോചന നടത്തിയാണെന്നും മതിയായ ​അന്വേഷണം നടത്താതെ സ്വീകരിച്ച നടപടി പുനഃപരിശോധിക്കണമെന്നുമാണ് പ്രമോദിന്റെ ആവശ്യം.

പുറത്താക്കലിനുപിന്നാലെ, പാർട്ടി ജില്ല കമ്മിറ്റി അംഗം ഇ. പ്രേംകുമാർ, കോട്ടൂളി ലോക്കൽ കമ്മിറ്റി അംഗം രജുല എന്നിവർക്കെതിരെ പ്രമോദ് പരസ്യമായി രംഗത്തുവരുകയും ചെയ്തു. റിയൽ എസ്റ്റേറ്റ് ബിസിനസ് അടക്കം നടത്തിയെന്നാരോപിച്ച് പാർട്ടിക്ക് പരാതി നൽകിയത് രജുലയാണ്. ​പി.എസ്.സി കോഴയിൽ തന്നെ കുടുക്കാൻ കളിച്ചത് പ്രേം കുമാർ ആണെന്നുമാണ് പ്രമോദിന്റെ ആരോപണം. ‘പ്രേം കുമാർ, എല്ലാ ചതികളിലും നിങ്ങളാണ് നായകൻ’ എന്ന് പ്രമോദിനെ പുറത്താക്കിയുള്ള പ്രേംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ പ്രമോദ് കമന്റിടുകയും ചെയ്തിരുന്നു.

വിവാദമുയർന്നപ്പോൾ പാർട്ടി പ്രമോദിനോട് കാര്യങ്ങൾ തിരക്കിയെങ്കിലും മുൻകൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ച് പെട്ടെന്ന് പുറത്താക്കുകയാണ് ചെയ്തതെന്നാണ് പ്രമോദുമായി അടുപ്പമുള്ളവർ പറയുന്നത്. പുറത്താക്കലിന്റെ കാരണം പാർട്ടി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പൊതുവിൽ ഇത്തരമൊരു പരാതി ലഭിച്ചാൽ പാർട്ടി അന്വേഷണ കമീഷനെ നിയോഗിക്കുകയാണ് ചെയ്യുക. വിഷയത്തിൽ സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, സി.ഐ.ടി.യു ജില്ല പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ, ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ എന്നിവരടക്കമുള്ളവർ പ്രമോദിനോട് വാക്കാൽ കാര്യങ്ങൾ ചോദിക്കുക മാത്രമാണ് ​ചെയ്തത്. ഇവർ കമീഷനാണെന്ന് പ്രമോദിനോട് പറഞ്ഞിട്ടില്ല. മാത്രവുമല്ല പ്രമോദിന്റെ മൊഴി രേഖ​പ്പെടുത്തിയിട്ടുമില്ല. ഇതാണ് മുൻകൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ചാണ് പുറത്താക്കിയത് എന്നതിനുള്ള തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അച്ചടക്ക നടപടി സ്വീകരിച്ച ജില്ല കമ്മിറ്റി യോഗം കഴിഞ്ഞ അന്നുതന്നെ ടൗൺ ഏരിയ കമ്മിറ്റി യോഗത്തിൽ നടപടി റിപ്പോർട്ട് ചെയ്തിരുന്നു. തലേദിവസം എല്ലാവരെയും അറിയിച്ച ഏരിയ കമ്മിറ്റി യോഗം പ്രമോദിനെ അറിയിച്ചിരുന്നില്ല. അതും യോഗം കൂടുന്നതിനുമുമ്പു തന്നെ ചിലർ പുറത്താക്കാൻ തീരുമാനിച്ചതിന്റെ സൂചനയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അതിനിടെ, പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് ചേവായൂർ സ്വദേശി ശ്രീജിത്ത് തന്നെ സമീപിച്ചെന്ന് പ്രമോദ് വെളിപ്പെടുത്തി. റാങ്ക് ലിസ്റ്റിലുള്ള ഹോമിയോ ഡോക്ടറായ ഭാര്യക്ക് കോഴിക്കോട് നിയമനം ലഭിക്കണമെന്ന ആവശ്യവുമായി സമീപിച്ച ശ്രീജിത്തിനെ സമാധാനിപ്പിക്കാൻ ആരോഗ്യ മന്ത്രിയുടെ ഓഫിസിൽ നിന്നുള്ള ഫോട്ടോ അയച്ചിരുന്നു. ഇതിനിടെ, ഒരു പാർട്ടി സഖാവിന്റെ മകന്റെ പഠന ആവശ്യത്തിനായി ശ്രീജിത്തുമായി ഒരു സ്ഥലം ഇടപാടിനുള്ള നീക്കവും നടത്തിയിരുന്നു. ഇക്കാര്യത്തിൽ പാർട്ടിയിലെ ചിലർ തെറ്റിദ്ധാരണയുണ്ടാക്കി. സി.പി.എം ജില്ല കമ്മിറ്റി അംഗം ചതിക്കുമെന്ന് ശ്രീജിത്ത് തന്നോട് പറഞ്ഞിരുന്നതായും പ്രമോദ് വ്യക്തമാക്കി. 

Tags:    
News Summary - Pramod Kottooli to move CPM Control Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.